കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സെഞ്ചുറി. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ 119 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലിയാണ് കരകയറ്റിയത്. ടെസ്റ്റ് കരിയറിലെ പതിനെട്ടാം സെഞ്ചുറി കുറിച്ച കോലി രാജ്യാന്തര സെഞ്ചുറികളില്‍ അര്‍ധസെഞ്ചുറിയും തികച്ചു.
ഏകദിനങ്ങളില്‍ 32 സെഞ്ചുറികളും ടെസ്റ്റില്‍ 18 സെഞ്ചുറികളും അടക്കമാണ് രാജ്യാന്തര ക്രിക്കറ്റില്‍ 50 സെഞ്ചുറികളെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായത്. 50 രാജ്യാന്തര സെഞ്ചുറിള്‍ നേടുന്ന ഏഴാമത്തെ താരമാണ് കോലി.സച്ചിന്‍(100), റിക്കി പോണ്ടിംഗ്(71), സംഗക്കാര(63), ജാക്വിസ് കാലിസ്(62), ജയവര്‍ധനെ(54), ബ്രയാന്‍ ലാറ(53), വിരാട് കോലി(50) എന്നിവരാണ് കോലിയുടെ മുന്‍ഗാമികള്‍. ഇതിനുപുറമെ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ഗവാസ്കറുടെ റെക്കോര്‍ഡിനൊപ്പവും കോലിയെത്തി. 11 സെഞ്ചുറികളാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലിയും ഗവാസ്കറും നേടിയത്.
ഇതിനുപുറമെ മറ്റു ചില റെക്കോര്‍ഡുകളും ഇന്ത്യന്‍ നായകന്‍ സ്വന്തം പേരിലെഴുതി. ഒരു ടെസ്റ്റില്‍ തന്നെ പൂജ്യനാവുകയും സെഞ്ചുറി നേടുകയും ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് കോലി. ആദ്യം ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കും മുമ്പെ കോലി വീണിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോലിയുടെ പേരിലായി. 18 അര്‍ധസെഞ്ചുറികളാണ് ഈ വര്‍ഷം ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലുമായി കോലി നേടിയത്. 19 അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ദ്രാവിഡ് മാത്രമാണ് ഇനി കോലിക്ക് മുന്നിലുളളത്.
ഒരുകലണ്ടര്‍ വര്‍ഷത്തില്‍ 9 രാജ്യാന്തര സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോലിയുടെ പേരിലായി. റിക്കി പോണ്ടിംഗ്(2005ലും 2006ലും), ഗ്രെയിം സ്മിത്ത്(2005) എന്നിവരാണ് കോലിയുടെ മുന്‍ഗാമികള്‍.
