കൊളംബോ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന പദവി തനിക്ക് നഷ്ടമായിട്ടില്ലെന്ന് ധോണി തെളിയിച്ച പരമ്പരയായിരുന്നു ശ്രീലങ്കയ്ക്കെതിരെ. ലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ധോണിയുടെ ത്യാഗം ആരാധകരില്‍ അധികമാരും ശ്രദ്ധിച്ചുകാണില്ല. ജയത്തിലേക്ക് രണ്ട് അകലെവെച്ച് കോലി ധോണിക്ക് സ്ട്രൈക്ക് കൈമാറി.

സ്വാഭാവികമായും സിക്സറടിച്ച് ധോണി ഫിനിഷ് ചെയ്യുമെന്ന് കരുതിയവരെ അമ്പരപ്പിച്ച് ധോണി സിംഗിളെടുത്ത് സ്ട്രൈക്ക് വീണ്ടും കോലിക്ക് കൊടുത്തു. അതിനുശേഷം ഇരുവരും പരസ്പരം മുഖത്തോടുമുഖം നോക്കി ചിരിച്ചു. ആ ചിരിയില്‍ എല്ലാമെല്ലാമുണ്ടായിരുന്നു.

സെഞ്ചുറിയുമായി ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ട കോലിയാണ് വിജയ റണ്‍ എടുക്കാന്‍ ഏറ്റവും അര്‍ഹനെന്നായിരുന്നു ധോണിയുടെ ചിരിയുടെ അര്‍ഥം. അത് ശിരസാവഹിച്ച കോലി അടുത്ത പന്തില്‍ സിംഗിളെടുത്ത് വിജയ റണ്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.