ദില്ലി: ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക തോല്‍വിയിലേക്ക്. 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ശ്രീലങ്ക കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. 13 റണ്‍സുമായി ധനഞ്ജയ ഡിസില്‍വയും റണ്‍സൊന്നുമെടുക്കാതെ എയ്ഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.
കരുണരത്നെ(13), സമര വിക്രമ(5), ലക്‌മല്‍(0) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കക്ക് നഷ്ടമായത്. ഇന്ത്യക്കായി ജഡേജ രണ്ടും ഷാമി ഒരു വിക്കറ്റും വീഴ്ത്തി. ഏഴു വിക്കറ്റ് മാത്രം കൈിലിരിക്കെ ലങ്കക്ക് ജയിക്കാന്‍ ഇനിയും 379 റണ്‍സ് കൂടി വേണം. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അവസാന ദിനം ഇന്ത്യ അനായാസ വിജയം സ്വന്തമാക്കും. സ്കോര്‍ ഇന്ത്യ 536/7,246/5, ശ്രീലങ്ക 373, 31/3.
ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 373 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ അതിവേഗം റണ്‍സ് സ്കോര്‍ ചെയ്ത് ലങ്കയെ സമ്മര്‍ദ്ദത്തിലാക്കി. ശീഖര്‍ ധവാന്‍(67), വിരാട് കോലി(50), രോഹിത് ശര്‍മ(50), എന്നിവര്‍ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ പൂജാരക്ക്(49) ഒരു റണ്‍സകലെ അര്‍ധസെഞ്ചുറി നഷ്ടമായി. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി തിളങ്ങിയ മുരളി വിജയ്(9), വണ്‍ഡൗണായി എത്തിയ അജിങ്ക്യാ രഹാനെ(10) എന്നിവര്‍ നിരാശപ്പെടുത്തി.
കോലിയും രോഹിത്തും ഏകദിന ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യന്‍ സ്കോറിലെ അതിവേഗം റണ്ണെത്തി. 58 പന്തില്‍ 50 റണ്‍സുമായി കോലി പുറത്തായപ്പോള്‍ 49 പന്തില്‍ 50 റണ്‍സടിച്ച് രോഹിത്തും ജഡേജയും(4) പുറത്താകാതെ നിന്നു.
