കൊളംബോ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 217 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 43.2 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടായി. മികച്ച തുടക്കത്തിനുശേഷം ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവിന് മുന്നില്‍ ലങ്കയ്ക്ക് അടിതെറ്റുകയായിരുന്നു. 64 റണ്‍സെടുത്ത ഓപ്പണര്‍ നിരോഷന്‍ ഡിക്‌വെല്ലയാണ് ലങ്കയുടെ ടോപ് സ്കോറര്‍.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന മികച്ച നിലയില്‍ നിന്നാണ് ലങ്ക 216 റണ്‍സിന് ഓള്‍ ഔട്ടായത്. ഓപ്പണിംഗ് വിക്കറ്റില്‍ ഡിക്‌വെല്ല-ഗുണതിലക സഖ്യം 14 ഓവറില്‍ 74 റണ്‍സടിച്ചു. ചാഹലിനെ റിവേഴ്സ് സ്വീപ് ചെയ്യാനുള്ള ഗുണതിലകയുടെ(35) ശ്രമമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. എന്നാല്‍ പിന്നീടെത്തിയ കുശാല്‍ മെന്‍ഡിസിനെ(36) കൂട്ടുപിടിച്ച് ഡിക്‌വെല്ല അടിച്ചു തകര്‍ത്തതോടെ ലങ്ക മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു.
74 പന്തില്‍ 64 റണ്‍സടിച്ച ഡിക്‌വെല്ലയെ കേദാര്‍ ജാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ലങ്കയുടെ തകര്‍ച്ചയും തുടങ്ങി. അധികം വൈകാതെ കുശാല്‍ മെന്‍ഡിസിനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. പിന്നീട് 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എയ്ഞ്ചലോ മാത്യൂസ് മാത്രമെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പൊരുതിനോക്കിയുള്ളു.
തരംഗ(13), കപുഗേദര(1), ഡിസില്‍വ(2), തിസാര പെരേര(0) എന്നിവര്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയതോടെ ഇന്ത്യന്‍ ലക്ഷ്യം 216ല്‍ ഒതുങ്ങി. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ മൂന്നും കേദാര്‍ ജാദവ്, ചാഹല്‍, ബൂമ്ര എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു.
