ഫ്ലോറിഡ: കുട്ടി ക്രിക്കറ്റിന്റെ അമേരിക്കന്‍ അരങ്ങേറ്റം മോശമായില്ല. റണ്‍മഴ പെയ്ത മത്സരത്തില്‍ ഇന്ത്യ ഒരു റണ്ണിന് തോറ്റെങ്കിലും നിരവധി റെക്കോര്‍ഡുകളാണ് ഇന്നലത്തെ മത്സരത്തില്‍ ഒലിച്ചുപോയത്. അവയില്‍ ചിലത് ഇതാ.
46 പന്തില്‍ സെഞ്ചുറി തികച്ച കെ.എല്‍ രാഹുല്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കാരന്റെ അതിവേഗ സെഞ്ചുറിയാണ് കുറിച്ചത്. ട്വന്റി-20 ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണിത്.
സ്റ്റുവര്‍ട്ട് ബിന്നിയ്ക്കെതിരെ തുടര്‍ച്ചയായി അഞ്ച് സിക്സറുകള്‍ അടിച്ച വിന്‍ഡീസ് ഓപ്പണര്‍ എല്‍വിന്‍ ലൂയിസ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിന്‍ഡീസ് താരമായി. തലനാരിഴയ്ക്കാണ് ലൂയിസിന് ആറ് സിക്സറുകളെന്ന റെക്കോര്‍ഡ് നഷ്ടമായത്. ട്വന്റി-20യില്‍ യുവരാജ് സിംഗ് മാത്രമെ ഈ നേട്ടം കൈവരിച്ചിട്ടുള്ളു.
ഒരോവറില്‍ 32 റണ്‍സ് വഴങ്ങിയ ബിന്നിയ്ക്ക് സ്വന്തമായത് നാണക്കേടിന്റെ റെക്കോര്‍ഡ്. ട്വന്റി-20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് ബിന്നിയുടെ പേരിലായത്. 2012ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 26 റണ്‍സ് വഴങ്ങിയ റെയ്നയുടെ പേരിലായിരുന്നു നാണക്കേടിന്റെ ഈ റെക്കോര്‍ഡ്.
ഇന്ത്യയെറിഞ്ഞ 20 ഓവറില്‍ 19 എണ്ണത്തിലും വിന്‍ഡീസ് കുറഞ്ഞത് ഒരു ബൗണ്ടറിയെങ്കിലും നേടി. ട്വന്റി-20 ലോകകപ്പ് സെമിയിലും അവര്‍ സമാനമായ നേട്ടം കൈവരിച്ചിരുന്നു.
32 സിക്സറുകളാണ് മത്സരത്തില്‍ പിറന്നത്. ഒരു ട്വന്റി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡും ഇന്നലത്തെ മത്സരത്തില്‍ തിരുത്തിയെഴുതപ്പെട്ടു.
ആദ്യ പത്തോവറില്‍ വിന്‍ഡീസ് ഓപ്പണര്‍മാരായ ജോണ്‍സണ്‍ ചാള്‍സും എല്‍വിന്‍ ലൂയിസും ചേര്‍ന്ന് അടിച്ചെടുത്തത് 132 റണ്‍സ്. ട്വന്റി-20 ചരിത്രത്തില്‍ ആദ്യ പത്തോവറില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 131 റണ്‍സ് നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കയെ ആണ് വിന്‍ഡീസ് പിന്നിലാക്കിയത്.
489 റണ്‍സാണ് ഇരു ടീമുകളും കൂടി ഇന്നലെ അടിച്ചുകൂട്ടിയത്. ട്വന്റി-20 ഫോര്‍മാറ്റിലെ ലോക റെക്കോര്‍ഡാണിത്. ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തില്‍ 469 റണ്‍സ് പിറന്നതായിരുന്നു ഇതിനു മുമ്പത്തെ റെക്കോര്‍ഡ്.
