ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 110 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് വിന്‍ഡീസിനെ തകര്‍ത്തത്. 27 റണ്‍സെടുത്ത വാലറ്റക്കാരന്‍ ഫാബിയന്‍ അലനാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.

കൊല്‍ക്കത്ത: ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 110 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് വിന്‍ഡീസിനെ തകര്‍ത്തത്. 27 റണ്‍സെടുത്ത വാലറ്റക്കാരന്‍ ഫാബിയന്‍ അലനാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.

ടെസ്റ്റ്-ഏകദിന പരമ്പരയിലെ തോല്‍വിക്ക് വിന്‍ഡീസ് ട്വന്റി-20 പരമ്പരയില്‍ കണക്കുതീര്‍ക്കുമെന്ന് കരുതിയ ആരാധകര്‍ക്ക് തെറ്റി. സ്കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് എത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസിന് പിന്നീടൊരിക്കലും തല ഉയര്‍ത്താനായില്ല.

ഷായ് ഹോപ്(14), ദിനേശ് രാംദിന്‍(2), ഹെറ്റ്മെയര്‍(10), കീറോണ്‍ പൊള്ളാര്‍ഡ്(14), ഡാരന്‍ ബ്രാവോ(5), റോവ്‌മാന്‍ പവല്‍(4) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ എട്ടാം വിക്കറ്റില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഫാബിയന്‍ അലനും കീമോ പോളും(15 നോട്ടൗട്ട്) ആണ് വിന്‍ഡീസിനെ 100 കടക്കാന്‍ സഹായിച്ചത്.

വിന്‍ഡീസിന്റെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ഷായ് ഹോപ് റണ്ണൗട്ടായപ്പോള്‍ ഹെറ്റ്മെയറെ ബൂംമ്ര പുറത്താക്കി. പൊള്ളാര്‍ഡിനെ ക്രുനാല്‍ പാണ്ഡ്യ വീഴ്ത്തിയപ്പോള്‍ ബ്രാവോയും പവലും ബ്രാത്ത്‌വെയ്റ്റും കുല്‍ദീപിന്റെ സ്പിന്നിന് മുന്നില്‍ മുട്ടുമടക്കി. ഇന്ത്യക്കായി കുല്‍ദീപ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്, ബൂംമ്ര, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാറിന് പകരം ഉമേഷ് യാദവ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ അരങ്ങേറ്റം കുറിച്ചു.