പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് കളി. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ആദ്യ മത്സരം പൂര്‍ത്തിയാകാത്തതിനാല്‍ ടീമില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയില്ല. ഇന്നത്തെ മത്സരത്തിലും മഴ വില്ലനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ കരീബിയന്‍ മണ്ണില്‍ ഇറങ്ങിയ വിരാട് കോലിയെ ആദ്യം കാത്തിരുന്നത് മഴയില്‍ കുതിര്‍ന്ന പോര്‍ട്ട് ഓഫ് സ്‌പെയിന്‍ . രണ്ടാമങ്കവും അതേ വേദിയിലാകുന്‌പോള്‍ മഴയെ തന്നെയാണ് ടീം ഇന്ത്യക്ക് പേടി. ആദ്യ മത്സരത്തില്‍ 300 റണ്‍സിലേക്ക് ഇന്ത്യ നീങ്ങുകയായിരുന്നുവെങ്കിലും, പ്രതീക്ഷിച്ചതിലും ഭേദമായി പന്തെറിഞ്ഞെന്നാണ് വെസ്റ്റ് ഇന്‍ഡീസ് ക്യാംപിന്റെ വിലയിരുത്തല്‍. സ്പിന്നര്‍ ബിഷൂ റണ്‍സ് വഴങ്ങാന്‍ മടി കാണിച്ചെങ്കിലും തുടക്കത്തിലേ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്താതെ ജയിക്കാനാകില്ലെന്നും ഹോള്‍ഡറിന് അറിയാം. അതേസമയം അജിന്‍ക്യ രഹാനെ ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സഖ്യം ക്ലിക്ക് ആയത് കോലിക്ക് ആശ്വാസമാകും. എന്നാല്‍ കഴിഞ്ഞദിവസം 10 മിനിറ്റ് മാത്രം ക്രീസില്‍ നിന്ന് യുവ്രാജ് സിംഗിന് ഇനിയങ്ങോട്ടെല്ലാ ഇന്നിംഗ്‌സും നിര്‍ണായകമാണ്. ആദ്യ മത്സരം പൂര്‍ത്തിയാകാത്തതിനാല്‍ ടീമില്‍ കാര്യമായ അഴിച്ചുപണി പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും മഴ ഏത് നിമിഷവും വരാമെന്നതിനാല്‍ ബാറ്റിംഗ് വെടിക്കെട്ടിന് അവസാന ഓവറുകള്‍ വരെ കാത്തുനില്‍ക്കണോ എന്ന സന്ദേഹവും ഇന്ത്യന്‍ ക്യാംപിലുണ്ട്.