നേരത്തെ, കൊച്ചിയില്‍ മത്സരം സംഘടിപ്പിക്കാനായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ തീരുമാനം. എന്നാല്‍, ഫിഫ നിലവാരത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിര്‍മിച്ച പുല്‍പ്രതലം കുത്തിപ്പൊളിച്ച് അവിടെ ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് കേരളത്തിലുണ്ടായത്

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ഏകദിനം ഉള്‍പ്പെടെ ഇന്ത്യന്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയുടെ വിശദാംശങ്ങള്‍ ബിസിസിഐ പുറത്തു വിട്ടു. രണ്ട് ടെസ്റ്റുകള്‍, അഞ്ച് ഏകദിനങ്ങള്‍, മൂന്ന് ട്വന്‍റി 20കള്‍ എന്നിവയടങ്ങിയ മത്സരക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കുന്ന തരത്തിലാണ് പരമ്പര. ആദ്യ അറിയിപ്പ് വന്നപ്പോള്‍ പരമ്പരയിലെ മൂന്നാം മത്സരമാണ് കേരളത്തിന് അനുവദിച്ചിരുന്നതെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ച മത്സരക്രമ പ്രകാരം അഞ്ചാം ഏകദിനമാണ് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറുക.

ഇതോടെ പരമ്പരയില്‍ രണ്ടു ടീമികളും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ വിജയിയെ തീരുമാനിക്കുന്ന വമ്പന്‍ പോരാട്ടമായി ഗ്രീന്‍ഫീല്‍ഡ് ഏകദിനം മാറും. നേരത്തെ, കൊച്ചിയില്‍ മത്സരം സംഘടിപ്പിക്കാനായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ തീരുമാനം.

എന്നാല്‍, ഫിഫ നിലവാരത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിര്‍മിച്ച പുല്‍പ്രതലം കുത്തിപ്പൊളിച്ച് അവിടെ ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് കേരളത്തിലുണ്ടായത്. ഇതോടെ സര്‍ക്കാരിനും പ്രശ്നത്തില്‍ ഇടപെടേണ്ടി വന്നു.

തുടര്‍ന്ന് മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമാവുകയായിരുന്നു. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനകം കേരള തലസ്ഥാനത്ത് തുടങ്ങി കഴിഞ്ഞിട്ടുണ്ട്. സ്പോര്‍ട്സ് ഹബ്ബിലെ പിച്ചിന്‍റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ ആദ്യ രാജ്യാന്തര മത്സരം നടന്നിരുന്നു. കനത്ത മഴയില്‍ മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയുണ്ടായെങ്കിലും അന്ന് അല്‍പം നേരം മഴ മാറി നിന്നതോടെ അതിവേഗം സ്റ്റേഡിയം സജ്ജമാക്കി മത്സരം നടത്താന്‍ സാധിച്ചു. ഇതോടെ സ്റ്റേഡിയത്തെപ്പറ്റി മികച്ച അഭിപ്രായമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടക്കം പറഞ്ഞത്. 

ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് പരമ്പരയിലെ മത്സരക്രമം ഇങ്ങനെ

ആദ്യ ടെസ്റ്റ് - രാജ്കോട്ട് (ഒക്ടോബര്‍ 4-8)
രണ്ടാം ടെസ്റ്റ് - ഹെെദരാബാദ് (ഒക്ടോബര്‍ 12-16)

ഏകദിനങ്ങള്‍

ആദ്യ ഏകദിനം - ഗുവാഹത്തി (ഒക്ടോബര്‍ 21)
രണ്ടാം ഏകദിനം - ഇന്‍ഡോര്‍ (ഒക്ടോബര്‍ 24)
മൂന്നാം ഏകദിനം - പൂനെ ( ഒക്ടോബര്‍ 27)
നാലാം ഏകദിനം - മുംബെെ (ഒക്ടോബര്‍ 29)
അഞ്ചാം ഏകദിനം - തിരുവനന്തപുരം (നവംബര്‍ ഒന്ന്)

ട്വന്‍റി 20

ആദ്യ ട്വന്‍റി 20 - കൊല്‍ക്കത്ത (നവംബര്‍ നാല്)
രണ്ടാം ട്വന്‍റി 20 - ലക്നൗ (നവംബര്‍ ആറ്)
മൂന്നാം ഏകദിനം - ചെന്നെെ (നവംബര്‍ 11)