വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ. ഇന്നലെ മുഖ്യ സെലക്‌ടര്‍ 12 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. റിഷഭ് പന്തിന്‍റെ അരങ്ങേറ്റമാകും ഏറെ ശ്രദ്ധേയം...  

ഗുവാഹത്തി: വിന്‍ഡീസിനെതിരായ ആദ്യ ഏകദിനം യുവതാരം റിഷഭ് പന്തിന് അരങ്ങേറ്റ മത്സരമാകും. പതിവുപോലെ രോഹിത് ശര്‍മ്മയും ശീഖര്‍ ധവാനും തന്നെയാകും ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിടുക. ഏഷ്യാകപ്പിലെ മികവിലാണ് ഇരുവരും എത്തുന്നത്. മൂന്നാമനായി നായകന്‍ വിരാട് കോലി പതിവുപോലെ ഇറങ്ങുമ്പോള്‍ നാലാം നമ്പറില്‍ റായ്‌ഡുവിനെ ഇറക്കാനാണ് സാധ്യത. ഏഷ്യാകപ്പില്‍ മൂന്നാമനിറങ്ങിയ റായ്‌ഡു കോലിയുടെ മടങ്ങിവരവോടെയാണ് നാലാമനാകുന്നത്. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എംഎസ് ധോണിയും സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായെത്തുന്ന റിഷഭ് പന്തുമാണ് അടുത്ത രണ്ട് സ്ഥാനങ്ങള്‍ക്ക് അവകാശികള്‍. ഇവരില്‍ ധോണിയുടെ ഫോമും പന്തിന്‍റെ അരങ്ങേറ്റവും ശ്രദ്ധേയമാകും. ടെസ്റ്റ് ക്രിക്കറ്റിലെ മിന്നും തുടക്കം ഏകദിനത്തിലും തുടരുകയാണ് പന്തിന് മുന്നിലുള്ള വെല്ലുവിളി. ടെസ്റ്റ് പരമ്പരയില്‍ മികവ് കാട്ടിയ സ്‌പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഏഴാമനായും സ്ഥാനം ഉറപ്പിക്കുമെന്നുറപ്പ്. മുന്‍നിര തകര്‍ന്നാല്‍ അതി നിര്‍ണായകമാവുക ഈ മൂവര്‍ സംഘമാകും.

രണ്ട് പേസര്‍മാരെ കളിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത് എന്നാണ് സൂചനകള്‍. ഹൈദരാബാദ് ടെസ്റ്റില്‍ 10 വിക്കറ്റ് പിഴുത ഉമേഷ് യാദവും മുഹമ്മദ് ഷമിയുമാകും പേസ് ആക്രമണത്തിനിറങ്ങുക. ഇതേസമയം അതിശക്തമായ സ്‌പിന്‍ യൂണിറ്റില്‍ ജഡേജയ്ക്കൊപ്പം യുവ ജോഡി കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും പന്തെടുക്കും. ഇരുവരും ചേര്‍ന്നാല്‍ എതിരാളികള്‍ കറങ്ങിവീഴും എന്ന മുന്‍കാല ചരിത്രമാണ് ഈ തെരഞ്ഞെടുപ്പിന് പിന്നില്‍. ഖലീല്‍ അഹമ്മദ് ഈ മത്സരത്തില്‍ പന്ത്രണ്ടാമനാകും. 

ഗുവാഹത്തിയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനം ഏകദിനത്തിലും ആവർത്തിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ക്രിസ് ഗെയ്ൽ, എവിൻ ലൂയിസ്, ഡ്വെയിൻ ബ്രാവോ, സുനിൽ നരൈൻ, ആന്ദ്രേ റസൽ തുടങ്ങിയ പ്രമുഖരില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്.