വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സെഞ്ചുറി. 64 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച കോലി 110 പന്തില്‍ സെഞ്ചുറിയിലെത്തി. കോലിക്ക് മുന്നില്‍ ചരിത്രം വഴിമാറി...

പുനെ: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സെഞ്ചുറി. തുടര്‍ച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോലി. വിന്‍ഡീസ് ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്കായി 64 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച കോലി 110 പന്തില്‍ സെഞ്ചുറിയിലെത്തി. 10 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് കോലിയുടെ തകര്‍പ്പന്‍ ശതകം. ഏകദിനത്തില്‍ കോലിയുടെ 38-ാം സെഞ്ചുറിയാണിത്. 

Add Asianetnews as a Preferred SourcegooglePreferred

38 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 202 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കോലിയും(101) ഭുവിയുമാണ്(2) ക്രീസില്‍. ഓപ്പണര്‍മാരായ രോഹിതിനെ(8) ഹോള്‍ഡറും 35ല്‍ നില്‍ക്കേ ധവാനെ നഴ്‌സും പുറത്താക്കി. അമ്പാട്ടി റായുഡുവിന് 22 റണ്‍സ് മാത്രമാണെടുക്കാനായത്. പന്തും ധോണിയുമാണ് പുറത്തായ മറ്റ് രണ്ടുപേര്‍. പന്ത് 18 പന്തില്‍ 24 റണ്‍സെടുത്തപ്പോള്‍ വീണ്ടും പരാജയപ്പെട്ട ധോണിക്ക് 11 പന്തില്‍ ഏഴ് റണ്‍സാണ് നേടാനായത്. 

നേരത്തെ ടോസ് ന‌ഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഹോപിന്‍റെ പ്രതിരോധത്തിലും വാലറ്റത്തെ വെടിക്കെട്ടിലും 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 283 റണ്‍സെടുത്തു. 113 പന്തില്‍ 95ല്‍ പുറത്തായ ഹോപാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റുമായി മടങ്ങിവരവ് ആഘോഷമാക്കിയ ബൂംറ ഇന്ത്യക്കായി തിളങ്ങി. കുല്‍ദീപ് രണ്ടും ഖലീലും ഭുവിയും ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി. 

ബൂംറ തിളങ്ങിയപ്പോള്‍ തുടക്കത്തില്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായിരുന്ന. ചന്ദ്രപോള്‍ ഹേംരാജ്(15), കീറാന്‍ പവല്‍(21), മര്‍ലോണ്‍ സാമുവല്‍സ്(9) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് വീരന്‍ ഹെറ്റ്മെയര്‍ 21 പന്തില്‍ 37 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ നാല് റണ്‍സുമായി റോവ്‌മാന്‍ പവലും വ്യക്‌തിഗത സ്കോര്‍ 32ല്‍ നില്‍ക്കേ ഹോള്‍ഡറും മടങ്ങി. അലനെ ചാഹലും പറഞ്ഞയച്ചതോടെ വിന്‍ഡീസ് 217-7 എന്ന നിലയിലായി.

44-ാം ഓവറിലെ മൂന്നാം പന്തില്‍ ബൂറയുടെ യോര്‍ക്കര്‍ ഹോപിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തു. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടുമെന്ന് തോന്നിച്ച ഹോപ് 95ല്‍ പുറത്ത്. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് നഴ്‌സും റോച്ചും വിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചു. ഒമ്പതാം വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 22 പന്തില്‍ 40 റണ്‍സെടുത്ത ഹോപിനെ അവസാന ഓവറില്‍ ബൂംറ പുറത്താക്കി. റോച്ച് 15 റണ്‍സുമായി പുറത്താകാതെ നിന്നു.