Asianet News MalayalamAsianet News Malayalam

രോഹിതിന് അര്‍ദ്ധ സെഞ്ചുറി; ഇന്ത്യ ജയത്തിലേക്ക്

കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ ജയത്തിലേക്ക്. രോഹിതിന് അര്‍ദ്ധ സെഞ്ചുറി. ധവാനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ രോഹിതും കോലിയും നിലയുറപ്പിച്ചതോടെ ഇന്ത്യ അനായാസ ജയത്തിലേക്ക് അടുക്കുകയാണ്.

india vs windies 5th odi india near win live
Author
Thiruvananthapuram, First Published Nov 1, 2018, 4:52 PM IST

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ ജയത്തിലേക്ക്. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ധവാന്‍റെ(6) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഓഷേന്‍ തോമസിനാണ് വിക്കറ്റ് എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിതും കോലിയും നിലയുറപ്പിച്ചതോടെ ഇന്ത്യ ജയത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യ12 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് 84 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിത് ശര്‍മ്മ 45 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് പുറത്തായി. തുടക്കത്തില്‍ രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ സന്ദര്‍ശകര്‍ പിന്നീട് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. 25 റണ്‍സെടുത്ത ഹോള്‍ഡറാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല. ഇന്ത്യക്കായി ജഡേജ നാലും ബൂംമ്രയും ഖലീലും രണ്ട് വിക്കറ്റ് വീതവും ഭുവിയും കുല്‍ദീപും ഓരോ വിക്കറ്റും വീഴ്ത്തി. 

ആദ്യ ഓവറിലെ നാലാം പന്തില്‍ കീറോണ്‍ പവലിനെ(0) ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ ഈ പരമ്പരയിലെ വിന്‍ഡീസിന്റെ ബാറ്റിംഗ് നട്ടെല്ലായ ഷായ് ഹോപ്പിനെ അക്കൗണ്ട് തുറക്കും മുന്‍പ് ബൂംമ്ര ബൗള്‍ഡാക്കി. അപ്പോള്‍ വിന്‍ഡീസ് സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമെ ഉണ്ടായിരുന്നുള്ളു.

പിന്നീട് സാമുവല്‍സും റോമന്‍ പവലും ചേര്‍ന്ന് വിന്‍ഡീസിനെ 36 റണ്‍സില്‍ എത്തിച്ചെങ്കിലും ആക്രമിച്ച് കളിച്ച മര്‍ലോണ്‍ സാമുവല്‍സിനെ പുറത്താക്കി രവീന്ദ്ര ജഡേജ വിന്‍ഡീസിന് അടുത്ത തിരിച്ചടി നല്‍കി. 38 പന്തില്‍ 24 റണ്‍സെടുത്ത സാമുവല്‍സിനെ ജഡേജ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് റോമന്‍ പവലുമായി സഖ്യത്തിന് ശ്രമിച്ച ഹെറ്റ്‌മെയറെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ വിന്‍ഡീസ് കിതപ്പ് കൂടി. ഹെറ്റ്‌മെയറുടെ സമ്പാദ്യം വെറും ഒമ്പത് റണ്‍സ്.

തൊട്ടടുത്ത ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 16ല്‍ നില്‍ക്കേ റോമനെ പേസര്‍ ഖലീല്‍ അഹമ്മദും പുറത്താക്കിയതോടെ വിന്‍ഡീസ് കൂട്ടത്തകര്‍ച്ചയിലായി. വാലറ്റത്തെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ(25) ഖലീല്‍ അഹമ്മദ് കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചതോടെ വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയും നഷ്ടമായി. 29-ാം ഓവറിലെ ആദ്യ പന്തില്‍ കീമോ പോള്‍ അഞ്ച് റണ്‍സുമായി കുല്‍ദീപിനും കീഴടങ്ങി.

തകര്‍ച്ചയ്‌ക്കിടെ ദേവേന്ദ്ര ബിഷുവും കെമാര്‍ റോച്ചും ചേര്‍ന്ന് വിന്‍ഡീസിനെ അത്ഭുകതകരമായി 100 കടത്തി. എന്നാല്‍ ഒരു റിവ്യൂവില്‍ രക്ഷപെട്ട റോച്ചിനും അധികം ആയുസുണ്ടായിരുന്നില്ല. 15 പന്തില്‍ അഞ്ച് റണ്‍സെടുത്ത റോച്ചിനെ 32-ാം ഓവറില്‍ ജഡേജ ജാദവിന്‍റെ കൈകളിലെത്തിച്ചു. രണ്ട് പന്തുകളുടെ ഇടവേളയില്‍ റണ്ണൊന്നുമെടുക്കാതെ ഓഷേന്‍ തോമസിനെയും ജഡേജ പുറത്താക്കിയതോടെ വിന്‍ഡീസ് പോരാട്ടം 104ല്‍ അവസാനിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios