വെസ്റ്റ് ഇന്‍‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മധ്യനിര ബാറ്റ്സ്മാന്‍ കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് സെലക്ടര്‍മാര്‍ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ടീം സെലക്ഷന്‍ തന്റെ പണിയല്ലെന്നും കോലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

രാജ്കോട്ട്: വെസ്റ്റ് ഇന്‍‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മധ്യനിര ബാറ്റ്സ്മാന്‍ കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് സെലക്ടര്‍മാര്‍ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ടീം സെലക്ഷന്‍ തന്റെ പണിയല്ലെന്നും കോലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സെലക്ടര്‍മാര്‍ പ്രതികരിച്ച ഒരുവിഷയത്തില്‍ ഇനിയും എന്നോട് പ്രതികരണം ചോദിക്കരുത്. സെലക്ടര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നു. ഞാനെന്റെ ജോലിയും. മറ്റുള്ളവര്‍ എന്തു പറയുന്നു എന്ന് ശ്രദ്ധിക്കാതെ എല്ലാവരും അവരുടേതായ ജോലികളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എല്ലാവരും അവരുടേതായ ജോലിയെക്കുറിച്ചും ഉത്തരവാദിത്തക്കുറിച്ചും ഉത്തമബോധ്യമുള്ളവരാണെന്നും കോലി പറഞ്ഞു.

തീരുമാനമെടുക്കുന്നത് എല്ലാവരും കൂടി ഒരുമിച്ച് ഒരുസ്ഥലത്തിരുന്നാണെന്ന തെറ്റായ ധാരണയുടെ പുറത്താണ് ആശയക്കുഴപ്പമുണ്ടാകുന്നത്. ക്യാപ്റ്റനും ടീം മാനേജ്മെന്റിനും ടീം സെലക്ഷനില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന മുന്‍ധാരണ തെറ്റാണെന്നും കോലി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിലും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റിലും ടീമിലുണ്ടായിരുന്ന കരുണ്‍ നായര്‍ക്ക് ഒരു മത്സരത്തില്‍പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കരുണ്‍ നായരെ സെലക്ടര്‍മാര്‍ തഴയുകയും ചെയ്തു. ഇതിനെതിരെ ഹര്‍ഭജന്‍ സിംഗും സുനില്‍ ഗവാസ്കറും അടക്കമുള്ള മുന്‍ താരങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാം സെലക്ടര്‍മാര്‍ ആണ് തീരുമാനിക്കുന്നതെന്ന വിശദീകരണവുമായി കോലി രംഗത്തെത്തിയിരിക്കുന്നത്.