വിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ചുറിയാണ് നേടിയത്. എന്നാല്‍ ഇരട്ട സെഞ്ചുറി തികയ്ക്കാതെ പുറത്തായതോടെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെ ഒരു പ്രവചനം പാഴായി...
മുംബൈ: ഏകദിനത്തില്‍ ഒരിക്കല്‍ കൂടി ഹിറ്റ്മാന്‍റെ സംഹാരതാണ്ഡവത്തിന് സാക്ഷികളാകുകയായിരുന്നു ആരാധകര്‍. മുംബൈയില്‍ വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ രോഹിതിന്‍റെ റണ്‍വേട്ട കണ്ട് നാലാം ഡബിള്‍ സെഞ്ചുറി ഏവരും പ്രതീക്ഷിച്ചു. മത്സരം നടന്നുകൊണ്ടിരിക്കേ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും രോഹിതിന്‍റെ അടുത്ത ഇരട്ട സെഞ്ചുറിക്കായി കാത്തിരുന്നു.
അമ്പത് ഓവര്‍ വരെ ബാറ്റുചെയ്യാനായാല്‍ രോഹിത് തന്‍റെ നാലാം ഏകദിന ഡബിള്‍ തികയ്ക്കും എന്നായിരുന്നു വീരുവിന്‍റെ പ്രവചനം എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 150ഉം കടന്നുപോയ തകര്‍പ്പന്‍ ഇന്നിംഗ്‌സ് നിര്‍ഭാഗ്യം കൊണ്ട് 162ല്‍ അവസാനിച്ചു. സ്‌പിന്നര്‍ നഴ്‌സ് എറിഞ്ഞ 44-ാം ഓവറില്‍ ഹെംരാജ് പിടിച്ച് രോഹിത് പുറത്തായി. 137 പന്തില്‍ 20 ബൗണ്ടറിയും നാല് സിക്‌സും സഹിതമായിരുന്നു ഹിറ്റ്മാന്‍റെ ഇന്നിംഗ്‌സ്.
വീരുവിന്‍റെ പ്രവചനം ഫലിച്ചിരുന്നെങ്കില്‍ ഇരട്ട സെഞ്ചുറികളുടെ എണ്ണത്തില്‍ രോഹിതിന് ബഹുദൂരം മുന്നിലെത്താമായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍, ക്രിസ് ഗെയ്‌ല്‍, ഫഖാര്‍ സമാന്‍ എന്നിവരാണ് ഏകദിന ഡബിള്‍ നേടിയിട്ടുള്ള മറ്റ് താരങ്ങള്‍. ഒരു ഡബിള്‍ മാത്രമാണ് ഇവരുടെയെല്ലാം സമ്പാദ്യം.
