കാണ്‍പുര്‍: അഞ്ഞൂറാമത്തെ ടെസ്റ്റ് ക്രിക്കറ്റ് മല്‍സരം കളിച്ച ടീം ഇന്ത്യയ്‌ക്ക് ചരിത്ര വിജയം. കാണ്‍പുരിലെ സ്‌പിന്‍ ട്രാക്കില്‍ ന്യൂസിലാന്‍ഡിനെതിരെ 197 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ മൂന്നു ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 434 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റു ചെയ്‌ത ന്യൂസിലാന്‍ഡ് 236 റണ്‍സിന് പുറത്താകുകയായിരുന്നു. ഇന്ത്യയ്‌ക്കു വേണ്ടി ആര്‍ അശ്വിന്‍ ആറു വിക്കറ്റെടുത്തു. മൊഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. നാലിന് 93 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് തുടര്‍ന്ന ന്യൂസിലാന്‍ഡിനുവേണ്ടി ലുക്ക് റോഞ്ചി(80), മിച്ചല്‍ സാന്റ്‌നര്‍(71) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും വാലറ്റത്തെ അശ്വിനും കൂട്ടരും ചേര്‍ന്ന് കശക്കിയെറിയുകയായിരുന്നു. റോഞ്ചിയും സാന്റ്‌നറും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 102 റണ്‍സെടുത്തെങ്കിലും അവസാന അഞ്ചു വിക്കറ്റുകള്‍ 78 റണ്‍സിനിടയില്‍ നഷ്‌ടമായതോടെ കീവികള്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. രണ്ട് ഇന്നിംഗ്സുകളില്‍നിന്നായി 10 വിക്കറ്റ് സ്വന്തമാക്കിയ അശ്വിനാണ് കളിയിലെ താരം.
സ്‌കോര്‍- ഇന്ത്യ- 318 & അഞ്ചിന് 377, ന്യൂസിലാന്‍ഡ് 262 & 236
പരമ്പരയിലെ രണ്ടാമത്തെ മല്‍സരം സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ നാലുവരെ കൊല്‍ക്കത്തയില്‍ നടക്കും.
