ബാങ്കോക്ക്: എഷ്യ കപ്പ് ട്വന്റി 20 ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതകൾക്കു കിരീടം. 17 റൺസിനാണ് ഇന്ത്യൻ വനിതകൾ പാക്കിസ്ഥാനെ വീഴ്ത്തിയത്. ഇന്ത്യ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 104 റൺസ് മാത്രമെ നേടാനായുള്ളു.

73 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായ മിഥാലി രാജാണ് കളിയിലെയും ടൂർണമെന്റിലെയും താരം. മിഥാലിക്കു പുറമെ 17 റണ്‍സെടുത്ത ജുലാന്‍ ഗോസ്വാമിയാണ് ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന താരം. ഇത് ആറാം തവണയാണ് ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കുന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്‌ഥാന് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്‌ടമായി. 25 റൺസ് നേടിയ ബിസ്മ മറൂഫാണ് പാക് ടോപ് സ്കോറർ. ഇന്ത്യക്കായി ഏക്‌ത ബിഷ്ത് രണ്ടു വിക്കറ്റ് നേടി.  ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു. ഏഷ്യാകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 32-ാം ജയമാണിത്.