ധാക്കാ: മലേഷ്യയെ തകര്‍ത്ത് ഇന്ത്യ ഏഷ്യയിലെ ഹോക്കി ശക്തികള്‍. ഏഷ്യകപ്പ് ഹോക്കിയില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം. എഷ്യകപ്പില്‍ മൂന്നാം കിരീടം നേടിയ ഇന്ത്യ കിരീടനേട്ടത്തില്‍ പാക്കിസ്ഥാനൊപ്പമെത്തി. നാല് കിരീടങ്ങളുമായി ദക്ഷിണ കൊറിയയാണ് മുന്നില്‍. മൂന്നാം മിനുറ്റില്‍ രമണ്‍ദീപ് സിംഗിലൂടെയാണ് ഇന്ത്യ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 

ലളിത് ഉപാദ്യായ് 29-ാം മിനുറ്റില്‍ വലകുലുക്കിയോടെ ആദ്യ പകുതിയില്‍ വ്യക്തമായ ലീഡ് ഇന്ത്യയ്ക്ക് ലഭിച്ചു. അതേസമയം 47-ാം മിനുറ്റില്‍ ഷഹ്‌രില്‍ സബായാണ് മലേഷ്യയ്ക്കായി ഏക ഗോള്‍ മടക്കിയത്. സെമിഫൈനലില്‍ പാക്കിസ്ഥാനെ 4-0ന് തകര്‍ത്തതാണ് ഇന്ത്യ ഫൈനല്‍ കളിക്കാനെത്തിയത്.

നേരത്തെ രണ്ടു തവണ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടയിട്ടുണ്ട്. 2003ല്‍ ക്വാലാലംപൂരില്‍ പാകിസ്ഥാനെ 4-2ന് തോല്‍പ്പിച്ചും 2007ല്‍ ദക്ഷിണ കൊറിയയെ 7-2 തകര്‍ത്തുമായിരുന്നു ഇന്ത്യ കിരീടം ചൂടിയത്.