ഓവല്‍: ഓസ്‍ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഐസിസി അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നാലാം കിരീടം. കലാശക്കളിയില്‍ ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍(101) ഇന്ത്യ എട്ട് വിക്കറ്റിന് ഓസ്‌ട്രേലിയയെ തോല്‍പിച്ചു. ഇതോടെ കൂടുതല്‍ ലോക കിരീടങ്ങളെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. മൂന്ന് കിരീടങ്ങള്‍ നേടിയിട്ടുള്ള ഓസ്‌ട്രേലിയയാണ് രണ്ടാമത്.
ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 217 റണ്‍സ് വിജയലക്ഷ്യം 38.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. സെഞ്ചുറി നേടിയ മന്‍ജോത് കല്‍റയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. 47 റണ്‍സെടുത്ത ഹര്‍വിക് ദേശായിയുമാണ് ഉറച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ നായകന്‍ പൃഥ്വി ഷായും മന്‍ജോത് കല്‍റയും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നില്‍ക്കവേ കൗമാര വിസ്‌മയം പൃഥ്വി ഷായെ(29) മടക്കി വില്‍ സതര്‍ലന്‍ഡ് ഓസീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനെ കൂട്ടുപിടിച്ച് കല്‍റാ തകര്‍പ്പനടി തുടര്‍ന്നു.
കല്‍റ അര്‍ദ്ധ സെഞ്ചുറി നേടിയതോടെ ഓസീസ് ബൗളര്‍മാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഇതിനിടെ 30 പന്തില്‍ 31 റണ്‍സെടുത്ത ഗില്ലിനെ പരം ഉപ്പല്‍ പുറത്താക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 131 റണ്‍സെന്ന ശക്തമായ നിലയിലെത്തി. എന്നാല്‍ പിന്നീട് കണ്ടത് ഹര്‍വിക് ദേശായിയെ കൂട്ടുപിടിച്ച് കല്‍റ ഇന്ത്യയെ വിജയിപ്പിക്കുന്നതാണ്. വിജയശില്‍പിയായ കല്‍റ 101 പന്തില്‍ തന്‍റെ തകര്‍പ്പന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഓസീസ് ഇന്ത്യന്‍ പേസ് ആക്രമണത്തില്‍ തകര്‍ന്ന് 47.2 ഓവറില്‍ 216ല്‍ പുറത്തായി. 102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാഥന്‍ മെര്‍ലോയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. പരം ഉപ്പല്‍(34), ജാക്ക് എഡ്‌വേര്‍ഡ്സ്(28), നഥാന്‍ മക്സ്‌വീനി(23) എന്നിങ്ങനെയാണ് മറ്റുയര്‍ന്ന സ്കോറുകള്‍. ഇന്ത്യയ്ക്കായി ഇഷാന്‍ പോരല്‍, ശിവ സിംഗ്, കമലേഷ് നാഗര്‍കോട്ടി, അനുകുല്‍ റോയി എന്നിവര്‍ രണ്ടും ശിവം മണി ഒരു വിക്കറ്റും വീഴ്ത്തി.
