വിശാഖപട്ടണം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിന് വിശാഖപട്ടണത്ത് തുടക്കം. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കക്കെതിരെ ബൗളിംഗ് ആരംഭിച്ചു. അസുഖം ബാധിച്ച വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവ് ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഇടം നേടി. ലങ്കന്‍ നിരയില്‍ തിരിമന്നെക്ക് പകരം സന്ദീര സമരവിക്രമ കളിക്കുന്നു.

ഓരോ ജയവുമായി ഇരുടീമും ഒപ്പത്തിനൊപ്പം ആണിപ്പോള്‍. മൊഹാലിയിലെ തകര്‍പ്പന്‍ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ്മയുടെ ടീം ഇന്ത്യ. മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്. പരുക്കില്‍ നിന്ന് മോചിതനായ ഏഞ്ചലോ മാത്യൂസ് കളിക്കുന്നത് ലങ്കയ്ക്ക് ആശ്വാസം നല്‍കുന്നു.

ആദ്യ ഏകദിനത്തില്‍ സന്ദര്‍ശകരായ ലങ്ക എഴ് വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 141 റണ്‍സിന് ജയിച്ചു. നേരത്തെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഒരു മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയിലാകുകയായിരുന്നു.