പൂനെ: ഓസീസിനെ മെരുക്കാനായി ഒരുക്കിയ പൂനെയിലെ സ്പിന്‍ പിച്ചില്‍ ഇന്ത്യ കറങ്ങിവീണു. 11 റണ്‍സെടുക്കുന്നതിനിടെ 7 വിക്കറ്റ് വീഴ്‌ത്തിയ സ്റ്റീവന്‍ ഒക്കെഫേയുടെയും നഥാന്‍ ലിയോണിന്റെയും ബൗളിംഗ് മികവില്‍ ഇന്ത്യയെ 105 റണ്‍സിന് പുറത്താക്കിയ ഓസീസ് 155 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടി. സ്കോബോര്‍ഡില്‍ 9 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യക്ക് 7 വിക്കറ്റുകള്‍ നഷ്ടമായത്.
തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ഇന്ത്യ ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തിയ കെഎല്‍ രാഹുലിന്റെ വിക്കറ്റ് വീഴ്‌ത്തിയാണ് ഒക്കേഫേ തുടങ്ങിയത്. 64 റണ്‍സെടുത്ത രാഹുല്‍ ഒക്കെഫേയെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. 94 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ തൊട്ടടുത്ത പന്തില്‍ രഹാനെയെ(13) ഹാന്‍ഡ്‌കോമ്പ് സ്ലിപ്പില്‍ പിടികൂടി. അവസാന പന്തില്‍ വൃദ്ധിമാന്‍ സാഹയെയും(0) സ്ലിപ്പില്‍ ഹാന്‍ഡ്കോമ്പിന്റെ കൈകളിലെത്തിച്ച് ഓസീസ് ഇന്ത്യയെ ഞെട്ടിച്ചു. അവിടംകൊണ്ടും തീര്‍ന്നില്ല. അടുത്ത ഓവറില്‍ നഥാന്‍ ലിയോണ്‍ അശ്വിനെ പുറത്താക്കിയതോടെ ഇന്ത്യ തകര്‍ന്നടിഞ്ഞു. രണ്ട് റണ്‍സ് വീതമെടുത്ത രവീന്ദ്ര ജഡേജയെയും ജയന്ത് യാദവിനെയും ഉമേഷ് യാദവിനെയുംകൂിട പുറത്താക്കി ഒക്കേഫേ ഇന്ത്യന്‍ ഇന്നിംഗ്സിന് തിരശീലയിട്ടു. 35 റണ്‍സ് വഴങ്ങിയാണ് ഒക്കേഫ് 6 വിക്കറ്റെടുത്തത്. വിജയ്(10), രാഹുല്‍(64), രഹാനെ(13) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ രണ്ടക്കം കടന്നത്.
നേരത്തെ ഓസീസ് ഇന്നിംഗ്സ് 260 റണ്‍സില്‍ അവസാനിപ്പിച്ചശേഷം ക്രിസീലിറങ്ങിയ ഇന്ത്യയ്ക്ക് സ്കോര്‍ബോര്‍ഡില്‍ 26 റണ്‍സെത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. 10 റണ്‍സെടുത്ത വിജയ് ഹേസല്‍വുഡിന്റെ പന്തില്‍ മാത്യു വേഡിന് പിടികൊടുത്ത് മടങ്ങി. ആറു റണ്‍സെടുത്ത പൂജാരയെ സ്റ്റാര്‍ക്കിന്റെ പന്തില്‍ വേഡ് പിടിച്ചപ്പോള്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ കൊഹ്‌ലിയെ(0) ഹാന്‍ഡ്‌കോമ്പിന്റെ കൈകളിലെത്തിച്ച് സ്റ്റാര്‍ക്ക് ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. 50 റണ്‍സ് കൂട്ടുകെട്ടിലൂടെ രഹാനെ-രാഹുല്‍ സഖ്യം ഇന്ത്യയെ കരയകറ്റുന്നതിനിടെയായിരുന്നു ഒക്കെഫേ ഇന്ത്യയെ കറക്കിവീഴ്‌ത്തിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഓസിസിനിപ്പോള്‍ 162 റണ്‍സിന്റെ നിര്‍ണായക ലീഡുണ്ട്.
