ബെംഗളൂരു: പുതുവര്‍ഷത്തില്‍ തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പുതപ്പുകളും ഭക്ഷണവും വിതരണംചെയ്ത് കാഴ്‌ചാപരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ശേഖര്‍ നായിക്ക്. ഡിസംബര്‍ 31, ജനുവരി ഒന്ന് തിയതികളില്‍ ബെംഗളൂരു ഖലാസിപ്പാളയം - കെ.ആര്‍ മാര്‍ക്കറ്റ് പ്രദേശത്തെ റോഡുകളില്‍ അന്തിയുറങ്ങുന്ന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കാണ് ശേഖര്‍ പുതുപ്പുകള്‍ എത്തിച്ചത്.

ഫ്ലൈ ഓവറുകള്‍ക്ക് താഴെ നൂറുകണക്കിന് പേരാണ് ഇവിടെ ഉറങ്ങുന്നത്. പുതുവര്‍ഷം ആഘോഷിക്കാന്‍ ഏറ്റവും അനുയോജ്യമായ വഴിയാണ് പങ്കുവെക്കലും പരിചരിക്കലുമെന്ന് ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന നായകന്‍ പറഞ്ഞു. എല്ലാവരെയും, പ്രത്യേകിച്ച് പാവങ്ങളെ സന്തോഷിപ്പിക്കുകയാണ് തന്‍റെ ആഗ്രഹമെന്ന് നായിക്ക് പറഞ്ഞു. കോളേജ് പഠനകാലത്ത് വര്‍ഷത്തിലൊരിക്കല്‍ പുതു വസ്ത്രങ്ങളും പുതപ്പുകളും നല്‍കുന്ന ഹോസ്റ്റല്‍ വാര്‍ഡനാണ് ഇതിന് പ്രചോദനമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

കാഴ്‌ചാപരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മൂന്ന് ലോകകപ്പുകളില്‍ ജേതാക്കളാക്കിയിട്ടുണ്ട്. വലംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ശേഖര്‍ നയിച്ച ടീം 2012ല്‍ ടി20യിലും 2014ലും 2017ലും ലോകകപ്പുമുയര്‍ത്തി. രാജ്യത്തെ നാലാമത്തെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ നല്‍കി രാജ്യം ഇദേഹത്തെ ആദരിച്ചിട്ടുണ്ട്.