ദില്ലി: മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കാന്‍ കോലിപ്പട. ദില്ലിയില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിജയിച്ചാല്‍ തുടര്‍ച്ചയായി കൂടുതല്‍ പരമ്പര വിജയങ്ങളെന്ന നേട്ടം ഇന്ത്യക്ക് സ്വന്തമാകും. വിഖ്യാത നായകന്‍ റിക്കി പോണ്ടിംഗിനു കീഴില്‍ 2005- 2008 കാലയളവില്‍ ഓസീസ് നേടിയ ഒമ്പത് പരമ്പര വിജയങ്ങളെന്ന റെക്കോര്‍ഡിന് ഒപ്പമെത്താം ഇന്ത്യക്ക്. 

2015ല്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് എട്ട് പരമ്പര വിജയങ്ങളുടെ ജൈത്രയാത്രക്ക് ടീം തുടക്കമിട്ടത്. ശ്രീലങ്കക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ് ടീം ഇന്ത്യ. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സിനും 239 റണ്‍സിനും വിജയിച്ചിരുന്നു. മുന്‍ നായകരായ ഗാംഗുലിക്കും ധോണിക്കും സ്വന്തമാക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്.