ബംഗളുരു: വനിതാ ലോകകപ്പിന്റെ ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിലായി സ്വാതന്ത്ര്യ ദിനത്തില്‍ കര്‍ണാടക ജലവിഭവ മന്ത്രി എംബി പാട്ടീലാണ് വാഗ്ദാനവുമായി എത്തിയത്. ലോകകപ്പില്‍ ഇന്ത്യന്‍ ടീം അംഗമായിരുന്ന രാജേശ്വരി ഗെയ്‌ക്കവാദിന് കാര്‍ നല്‍കാമെന്നാണ് മന്ത്രി വാഗ്ദാനം ചെയ്തത്.
എന്നാല്‍ മന്ത്രിയുടെ വാഗ്ദാനം കേട്ട രാജേശ്വരി മന്ത്രിയുടെ വാഗ്ദാനത്തിന് ആദ്യം നന്ദി പറഞ്ഞു. പിന്നെ ഒരുകാര്യം കൂടി പറഞ്ഞു. എനിക്ക് കാര്‍ വേണ്ട സര്‍, എനിക്കും കുടുംബത്തിനും താമസിക്കാന്‍ ഒരു വീട് തന്നാല്‍ മതി. അമ്മയും, സഹോദരങ്ങളും ഉള്‍പ്പെടുന്ന എന്റെ കുടുംബം ദയനീയ അവസ്ഥയിലാണ് കഴിയുന്നത്. ഞങ്ങള്‍ക്ക് ആവശ്യവും നിലവില്‍ ഒരു വീടാണ് എന്നായിരുന്നു ട്വിറ്ററിലൂടെ താരത്തിന്റെ പ്രതികരണം.
രാജേശ്വരിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയും രംഗത്തെത്തി. എന്നാല്‍ താരത്തിന്റെ ആവശ്യത്തോട് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
