കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര ജയിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. പരമ്പര നേടാനായാല്‍ നായകന്‍ വിരാട് കോലിക്ക് അതൊരു പൊന്‍തൂവലാകും. കൂടാതെ വിദേശ പിച്ചില്‍ തോറ്റമ്പുന്നവരെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിമര്‍ശനത്തെ മറികടക്കാനും ടീമിനാകും. എന്നാല്‍ പേസും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇന്ത്യ കളിക്കുന്നത് ടീമിലെ ഒറ്റയാന്‍റെ സാന്നിധ്യമില്ലാതെയാണ്.

വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ ബൗളിംഗ് ഉപദേശകനായി ബിസിസിഐ നിയമിച്ച സഹീര്‍ ഖാന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീമിനൊപ്പമില്ല. വിദേശ പിച്ചുകളില്‍ കളിച്ചുള്ള പരിചയസമ്പത്തും ഒറ്റയ്ക്ക് ടീമിനെ വിക്കറ്റെടുക്കാനുള്ള കഴിവുമാണ് സഹീറിനെ തല്‍സ്ഥാനത്ത് നിയമിക്കാന്‍ കാരണം. എന്നാല്‍ സഹീര്‍ എപ്പോള്‍ ടീമിനൊപ്പം ചേരുമെന്ന കാര്യത്തില്‍ ബിസിസിഐക്ക് ഒരറിവുമില്ല.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ സഹീര്‍ 92 ടെസ്റ്റില്‍ 311 വിക്കറ്റും 200 ഏകദിനങ്ങളില്‍ നിന്ന് 282 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. വിദേശ പര്യടനങ്ങളിലെ പിഴവുകള്‍ നികത്താന്‍ താരങ്ങളെ സഹായിക്കാനാണ് സഹീറിനെ ബൗളിംഗ് ഉപദേശകനായും ദ്രാവിഡിനെ ബാറ്റിംഗ് ഉപദേശകനായും ബിസിസിഐ നിയമിച്ചത്. സഹീറിന്‍റെ അഭാവം ഇന്ത്യയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് പരമ്പരയില്‍ കാണാം.