ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇന്ത്യന്‍ ലീഗ് അല്ലെന്ന ആക്ഷേപങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ നടപടികള്‍. ഐഎസ്എല്‍ ടീം ഘടനയില്‍ മാറ്റം വരുത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദേശം നല്‍കി. ഇനി മുതല്‍ ഒരു ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിക്കാനാകും. കൂടുതല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് അവസരം നല്‍കാനാണ് പുതിയ നീക്കം. നിലവില്‍ പ്ലേയിംഗ് ഇലവനില്‍ പരമാവധി ആറ് വിദേശ താരങ്ങളെ ഉള്‍പ്പെടുത്താനാണ് അനുമതി.ഇത് അഞ്ചാക്കി ചുരുക്കിയിട്ടുണ്ട്.
അടുത്ത സീസണ്‍ മുതല്‍ ആറ് ഇന്ത്യന്‍ താരങ്ങളെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആദ്യ മൂന്ന് എഡിഷനിലും 14 ഇന്ത്യന്‍ താരങ്ങളുമായും 11 വിദേശ താരങ്ങളുമായും കരാറില്‍ ഒപ്പിടാന്‍ ഫ്രാഞ്ചൈസികളെ അനുവദിച്ചിരുന്നു. ഇതിലും മാറ്റം വരും. ഇനി മുതല്‍ പരമാവധി 17 ഇന്ത്യന്‍ താരങ്ങളെ ടീമുകളിലെത്തിക്കാം. കളിക്കാരെ സ്വന്തമാക്കാനായി 18 കോടി രൂപ പരമാവധി ചെലവഴിക്കാം. എന്നാല്‍ ഐഎസ്എല്ലിന്റെ തിളക്കം കൂട്ടാനായി ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കുന്ന മാര്‍ക്വീ താരങ്ങളുടെ പ്രതിഫലത്തുക ഇതില്‍ ഉള്‍പ്പെടില്ല.
ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി ലക്ഷ്യമിട്ട് 21 വയസ്സില്‍ താഴെയുള്ള 2 കളിക്കാരെങ്കിലും ടീമിലുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. ഈ പ്രായപരിധി 23 വയസ്സാക്കി ഉയര്‍ത്തണമെന്ന ഫ്രാഞ്ചൈസികളുടെ ആവശ്യം അംഗീകരിച്ചില്ല. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐഎസ്എല്ലില്‍ അവസരം നല്‍കണമെന്ന്
ദേശീയ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ആവശ്യപ്പെട്ടിരുന്നു. ഐഎസ്എല്‍ ഐ ലീഗ് ലയനസാധ്യത നിലനില്‍ക്കെയാണ് പുതിയ നടപടികള്‍ എന്നതും ശ്രദ്ധേയമാണ്.
