ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വനിതകകള്‍ക്കും ഏകദിന പരമ്പര നേട്ടം. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചതോടെയാണ് പരമ്പര സ്വന്തമാക്കിയത്. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ 161ന് എല്ലാവരും പുറത്തായി.

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വനിതകകള്‍ക്കും ഏകദിന പരമ്പര നേട്ടം. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചതോടെയാണ് പരമ്പര സ്വന്തമാക്കിയത്. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ 161ന് എല്ലാവരും പുറത്തായി. ഇന്ത്യ 32.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 161/10. ഇന്ത്യ 166/2. ഓപ്പണര്‍ സ്മൃതി മന്ഥാന (90*), ക്യാപ്റ്റന്‍ മിതാലി രാജ് (63*) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. 

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സുള്ളപ്പോള്‍ ജമീമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (8) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് ഒത്തുച്ചേര്‍ന്ന മിതാലി- മന്ഥാന സഖ്യം 151 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്. ആദ്യ മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മിതാലിയുടെ ഇന്നിങ്‌സ്. കിവീസിന് വേണ്ടി അന്ന പാറ്റേഴ്‌സണ്‍, ലിയ തഹുഹു എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

നേരത്തെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജൂലന്‍ ഗോസ്വാമി മൂന്നും എക്ത ബിഷ്ട്, പൂനം യാദവ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. 71 റണ്‍ നേടിയ അമി സാറ്റര്‍ത്‌വെയ്റ്റാണ് ന്യൂസിലന്‍ഡിന്റെ ടോപ് സകോറര്‍. മറ്റ് താരങ്ങള്‍ക്കൊന്നും ക്യാപ്റ്റന്‍ പിന്തുണ നല്‍കാന്‍ സാധിച്ചില്ല.