കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‍ക്ക് എതിരെ ചരിത്രം കുറിച്ച് ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ വനിതകളെ പ്രശംസിച്ച് ക്രിക്കറ്റ്-ബോളിവുഡ് താരങ്ങള്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ അവസാന മത്സരം 54 റണ്‍സിന് വിജയിച്ച് ഇന്ത്യ 3-1ന് കിരീടം സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് പ്രചാരം വര്‍ദ്ധിക്കുന്നതായാണ് ഈ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.
ഒരു പര്യടനത്തില്‍ രണ്ട് പരമ്പരകള്‍ നേടിയ ആദ്യ ഇന്ത്യന്‍ ടീമെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കാന്‍ ഹര്‍മന്‍പ്രീതിനും സംഘത്തിനുമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‍ടത്തില്‍ 166 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 18 ഓവറില്‍ 112 റണ്‍സിന് പുറത്തായി. നേരത്തെ ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ടി20യില്‍ 13-ാം അര്‍ദ്ധ സെഞ്ചുറി നേടിയ മിതാലി രാജാണ്(അമ്പത് പന്തില്‍ നിന്ന് 62) ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അതേസമയം 34 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ജെമിമ റോഡ്രിഗസിന്‍റെ പ്രകടനം ഇന്ത്യന്‍ ഇന്നിംഗ്സില്‍ നിര്‍ണായകമായി. ഇന്ത്യക്ക് വേണ്ടി റുമേലി ധാറും ശിഖ പാണ്ഡയും മൂന്ന് വിക്കറ്റ് വീതം വീഴ്‍ത്തി. മിതാലി രാജാണ് കളിയിലെയും പരമ്പരയിലെയും താരം.
