ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് യുവ പേസര്‍ ഹര്‍ഷിത് റാണയെ ഇന്ത്യ ഒഴിവാക്കി.

ലണ്ടന്‍: ഇംഗ്ലണ്ടിലേക്കുള്ള ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ ഒഴിവാക്കി. ആന്‍ഡേഴ്സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫിയുടെ രണ്ടാം ടെസ്റ്റ് നടക്കുന്ന ബര്‍മിംഗ്ഹാമിലേക്ക് അദ്ദേഹം പോയിട്ടില്ല. ഇന്ത്യ എയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഉണ്ടായിരുന്ന താരമാണ് ഹര്‍ഷിത്. ഇന്ത്യന്‍ ടീമില്‍ ചില താരങ്ങള്‍ക്ക് പരിക്കുണ്ടെന്ന് പറഞ്ഞാണ് ഹര്‍ഷിതിനെ 19-ാമനായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ടാം ടെസ്റ്റിന് മുന്നോടിയായി താരത്തോട് നാട്ടിലേക്ക് മടങ്ങാന്‍ പറയുകയായിരുന്നു.

ഹര്‍ഷിതിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് തന്നെ ചോദ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയുടെ നാല് ദിവസത്തെ അനൗദ്യോഗിക ടെസ്റ്റില്‍ അദ്ദേഹം ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. കൂറച്ചൂകൂടെ മികച്ച പ്രകടനം പുറത്തെടുത്ത അന്‍ഷുല്‍ കാംബോജ്, മുകേഷ് കുമാര്‍ എന്നിവരെക്കാള്‍ അദ്ദേഹത്തിന് മുന്‍ഗണന ലഭിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കാനും തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് പിടിഐ റിപ്പോര്‍ട്ട് ഇങ്ങനെ... ''ഹര്‍ഷിത് റാണയെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനമായി. ജൂലൈ 2 ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനായി അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം ബര്‍മിംഗ്ഹാമിലേക്ക് യാത്ര ചെയ്തിട്ടില്ല.'' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ താരങ്ങള്‍ ഇന്നാണ് ലീഡ്‌സില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്ക് പുറപ്പെട്ടത്.

ശേഷം ഹര്‍ഷിതിന് നാട്ടിലേക്ക് മടങ്ങുമെന്ന് നേരത്തെ ഗംഭീറും വ്യക്തമാക്കിയിരുന്നു. ടീമിലെ ചെറിയ പരിക്ക് മൂലമാണ് ഹര്‍ഷിതിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു. ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായിരിക്കുമ്പോള്‍ ഹര്‍ഷിത് ടീമിലുണ്ടായിരുന്നു. ഡല്‍ഹി പേസര്‍ക്ക് ടെസ്റ്റ് അരങ്ങേറ്റം കുറിക്കാന്‍ അവസരം നല്‍കിയത് ഗംഭീറാണ്. ഓസ്ട്രേലിയക്കെതിരെ ആയിരുന്നു അരങ്ങേറ്റം. അതിനുശേഷം, ഹര്‍ഷിത് രണ്ട് ടെസ്റ്റുകള്‍ കളിച്ചെങ്കിലും നാല് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്.

ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരുമായിട്ടാണ് ഇന്ത്യ കളിച്ചത്. പേസ് ബൗളിംഗ് ഓള്‍റൗണ്ടറായി ഷാര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തി. എങ്കിലും ബുമ്ര ഒഴികെയയുള്ള പേസര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി.

YouTube video player