ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന് ബുധനാഴ്‌ച ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ തുടക്കമാകും. രണ്ടാം ടെസ്റ്റില്‍നിന്ന് വിഭിന്നമായി കൂടുതല്‍ ബൗണ്‍സുള്ള പിച്ചായിരിക്കും വാണ്ടറേഴ്സിലേതെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാര്‍ കൂടുതല്‍ ആശങ്കയിലായിരിക്കുമെന്നും ഉറപ്പ്. ഡേല്‍ സ്റ്റെയിന്‍ ഇല്ലെങ്കിലും റബാഡ-ഫിലാന്‍ഡര്‍-എങ്കിടി-മോര്‍ക്കല്‍ സഖ്യം ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് പേടിസ്വപ്നമായിരിക്കും. എന്നാല്‍ വാണ്ടറേഴ്സ് സ്റ്റേഡിയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചില നല്ല ഓര്‍മ്മകള്‍ നല്‍കുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ വിജയിച്ചത് ചുരുക്കം ടെസ്റ്റ് മല്‍സരങ്ങളാണ്. ഇതില്‍ ഇന്ത്യ എന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നത് 2006 ഡിസംബറില്‍ വാണ്ടറേഴ്സില്‍ നേടിയ വിജയമാണ്. അന്നത്തെ ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ 123 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. അന്ന് ആദ്യ ഇന്നിംഗ്സില്‍ 40 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത മലയാളി താരം എസ് ശ്രീശാന്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ശ്രീശാന്തിന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക 84 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ശ്രീശാന്ത് മൂന്നു വിക്കറ്റും വീഴ്ത്തിയിരുന്നു. അന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലായിരുന്ന ഗ്രെയിം സ്മിത്ത്, ജാക്ക് കാലിസ്, ഹാഷിം ആംല എന്നിവരുടെ വിക്കറ്റുകള്‍ രണ്ട് ഇന്നിംഗ്സിലും സ്വന്തമാക്കാന്‍ ശ്രീശാന്തിന് സാധിച്ചിരുന്നു. അതുപോലെ 2013ലെ പര്യടനത്തില്‍ ജയത്തിന് തുല്യമായ സമനില നേടാനും വാണ്ടറേഴ്‌സില്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. അന്ന് 153 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് തുണയായത്. ആദ്യ ഇന്നിംഗ്സില്‍ വിരാട് കോലിയും ഇന്ത്യയ്ക്കുവേണ്ടി സെഞ്ച്വറി നേടിയിരുന്നു. അഞ്ചാംദിനം തുടക്കത്തില്‍ ഇന്ത്യ ജയപ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും ഏറെ ആവേശകരമായ കളി ഒടുവില്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പരമ്പര നഷ്ടമായെങ്കിലും വാണ്ടറേഴ്‌സില്‍ കോലിപ്പട ആശ്വാസജയംനേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.