Asianet News MalayalamAsianet News Malayalam

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള അഭിമുഖം ഇന്ന്

India's new coach interview today
Author
Mumbai, First Published Jun 21, 2016, 1:57 AM IST

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള അഭിമുഖം ഇന്ന് നടക്കും. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ സമിതിയാണ് അഭിമുഖം നടത്തുന്നത്. ലണ്ടനിലുള്ള സച്ചിൻ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അഭിമുഖത്തിൽ പങ്കെടുക്കുക. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് മുൻപ് ടീം ഇന്ത്യക്ക് പുതിയ കോച്ചിനെ കണ്ടെത്താനാണ് സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് അഡ‍്‍വൈസറി കമ്മിറ്റി അഭിമുഖം നടത്തുന്നത്.

മുൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ, മുൻതാരം പ്രവീൺ ആംറെ, ലാൽചന്ദ് രജ്പുത് എന്നിവരെയാണ് ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന അഭിമുഖത്തിനായി ക്ഷണിച്ചിരിക്കുന്നത്. മൂവരും തങ്ങളുടെ പദ്ധതികളും പരിശീലന രീതികളും സമിതിക്ക് മുന്നിൽ അവതരിപ്പിക്കും. അപേക്ഷകരിലൊരാളായ രവി ശാസത്രിയെയും അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇതേസമയം, മുഖ്യ സെലക്ടർ സന്ദീപ് പാട്ടീലിനെ സമിതി വിളിച്ചിട്ടില്ല. വിക്രം റാഥോർ, വെങ്കടേഷ് പ്രസാദ്, സ്റ്റുവർട്ട് ലോ തുടങ്ങിയവരും  ബിസിസിഐ തയ്യാറാക്കിയ 21 അംഗ പട്ടികയിലുണ്ട്. മൂന്നംഗ സമിതി നാളെ ബിസിസിഐക്ക് റിപ്പോർട്ട് നൽകും. വെള്ളിയാഴ്ച ധർമ്മശാലയിൽ ചേരുന്ന ബിസിസിഐ പ്രവർത്തക സമിതി യോഗത്തിലാണ് കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Follow Us:
Download App:
  • android
  • ios