കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര നേടിക്കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ ടീമിന് ഇനി പരീക്ഷണകാലമാണ്. നാളെ നടക്കുന്ന നാലാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ളവര്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. കോലിക്ക് വിശ്രമം അനുവദിക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചാല്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാവും ഇന്ത്യയെ നയിക്കുക.

ശീഖര്‍ ധവാന് പകരം അജിങ്ക്യാ രഹാനെയ്ക്കും കേദാര്‍ ജാദവിന് പകരം മനീഷ് പീണ്ഡെയക്കും അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങളില്‍ അവസരം നല്‍കിയേക്കും. മനീഷ് പാണ്ഡെ ടീമിലെത്തുകയാണെങ്കില്‍ കോലിയുടെ മൂന്നാം നമ്പറിലിറങ്ങാനാണ് സാധ്യത. കെ.എല്‍ രാഹുല്‍ നാലാം നമ്പറില്‍ തന്നെ കളിക്കും. ധോണി തന്നെയാകും അഞ്ചാം നമ്പറില്‍.

കോലിക്കും ധവാനും വിശ്രമം അനുവദിക്കുകയാണെങ്കില്‍ കേദാര്‍ ജാദവും അന്തിമ ഇലവനില്‍ കളിച്ചേക്കും അങ്ങനെ വന്നാല്‍ ആറാം നമ്പറില്‍ തന്നെ ജാദവ് ഇറങ്ങും. ഹര്‍ദ്ദീക് പാണ്ഡ്യ തന്നെയാകും ഏഴാമനായി എത്തുക. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിച്ച അക്ഷര്‍ പട്ടേലിന് പകരം ചൈനാമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഇന്ത്യ അവസരം നല്‍കിയേക്കും.

മൂന്ന് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകളുമായി തിളങ്ങിയ ജസ്പ്രീത് ബൂമ്രയെ നിലനിര്‍ത്തി ഭുവനേശ്വര്‍കുമാറിന് പകരക്കാരനായി ഷര്‍ദ്ദുല്‍ ഠാക്കൂറിനെ കളിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ആദ്യ മൂന്ന് കളികളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.