താരങ്ങളുടെ വ്യക്തിപരമായ മുന്‍ഗണനകളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ധോണി. ലോകകപ്പിന് മുന്‍പ് ബൗളര്‍മാര്‍ക്ക് പരിക്ക് പറ്റാതെ സംരക്ഷിക്കണമെന്നും മുന്‍ നായകന്‍.

ചെന്നൈ: ചില പ്രത്യേക ഫോര്‍മാറ്റില്‍ മാത്രം കളിക്കാനുള്ള തീരുമാനത്തില്‍ താരങ്ങളെ വിമര്‍ശിക്കാനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. അഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രയോജനകരമാണ് എന്നതില്‍ തകര്‍ക്കമില്ല. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇത് നിര്‍ണായകമാണെന്ന് പറയാനാകില്ല. താരങ്ങളുടെ വ്യക്തിപരമായ മുന്‍ഗണനകളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ധോണി ചെന്നൈയില്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ശിഖര്‍ ധവാനും യുസ്‌വേന്ദ്ര ചഹാലും അടക്കമുള്ള താരങ്ങള്‍ രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അമ്പാട്ടി റായുഡു ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയും ചെയ്തു. ഫിറ്റ്‌നസ് നിലനിര്‍ത്താനും ഫോം വീണ്ടെടുക്കാനും ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കണമെന്ന ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടെ അഭിപ്രായത്തെ പരോക്ഷമായി വിമര്‍ശിക്കുക കൂടിയാണ് എം എസ് ധോണി.

ഇന്ത്യന്‍ ടീമിന്‍റെ നിലവിലെ പ്രകടനത്തില്‍ സംതൃപ്തനാണ്. പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു, ടെസ്റ്റ് മത്സരങ്ങള്‍ ജയിപ്പിക്കുന്നു. എല്ലാ മത്സരത്തിലും 20 വിക്കറ്റും വീഴ്‌ത്തുന്നു. എല്ലാ ടെസ്റ്റുകളും ജയിക്കാന്‍ കെല്‍പുണ്ടെന്ന് നാം കാട്ടുകയാണ്. ലോകകപ്പ് മുന്‍പിലുള്ളതിനാല്‍ ബൗളര്‍മാരെ പരിക്ക് പറ്റാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും താരങ്ങളെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.