ചെന്നൈക്കെതിരായ മത്സരത്തിൽ 26 റൺസിന് 3 വിക്കറ്റ് വീഴ്ത്തി ആകാശ് സിംഗ് തിളങ്ങിയിരുന്നു. ഓരോ വിക്കറ്റ് നേട്ടത്തിന് ശേഷവും താരം പോക്കറ്റിൽ നിന്നും കുറിപ്പ് പുറത്തെടുക്കുകയായിരുന്നു.
ലക്നൗ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ ലക്നൗ പേസർ ആകാശ് സിംഗിന്‍റെ 'ചീട്ട് സെലിബ്രേഷനെ' (കടലാസ് ഉയര്‍ത്തിക്കാട്ടിയുള്ള ആഘോഷം) രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരങ്ങളായ അംബാട്ടി റായുഡുവും ഡെയ്‌ൽ സ്റ്റെയ്നും. ചെന്നൈ നായകന്‍ റുതുരാജിനെയും സഞ്ജു സാംസണെയും പുറത്താക്കിയശേഷം ആകാശ് സിംഗ് പോക്കറ്റിൽ നിന്ന് ചെറിയൊരു കടലാസ് തുണ്ടെടുത്ത് ക്യാമറയ്ക്ക് മുന്നിൽ കാണിച്ചാണ് ആഘോഷിച്ചത്. ബിസിസിഐ ഇത്തരം 'ചീട്ട് കീറിയുള്ള പരിപാടികള്‍' ഉടൻ നിരോധിക്കണമെന്നും ക്രിക്ഇൻഫോയുടെ 'ടൈംഔട്ട്' ഷോയിൽ റായുഡു പറഞ്ഞു.

ചെന്നൈക്കെതിരായ മത്സരത്തിൽ 26 റൺസിന് 3 വിക്കറ്റ് വീഴ്ത്തി ആകാശ് സിംഗ് തിളങ്ങിയിരുന്നു. ഓരോ വിക്കറ്റ് നേട്ടത്തിന് ശേഷവും താരം പോക്കറ്റിൽ നിന്നും കുറിപ്പ് പുറത്തെടുക്കുകയായിരുന്നു. 'ഒരു ടി20 മത്സരത്തിൽ എങ്ങനെ വിക്കറ്റുകൾ വീഴ്ത്തണമെന്ന് ആകാശിന് നന്നായറിയാം' എന്നായിരുന്നു ആ കുറിപ്പിൽ എഴുതിയിരുന്നത്. ലക്നൗവിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 13 പന്തില്‍ അര്‍ധസെഞ്ചുറി നേടിയശേഷം ചെന്നൈ താരം ഊർവിൽ പട്ടേലും മുംബൈ സ്പിന്നര്‍ രഘു ശർമ്മയും സമാനമായ രീതിയില്‍ കുറിപ്പുകൾ കാണിച്ച് ആഘോഷിച്ചിരുന്നു.
ഈ പുതിയ ട്രെൻഡിനോട് തനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ലെന്ന് മുൻ സിഎസ്‌കെ താരം കൂടിയായ അംബാട്ടി റായുഡു പറഞ്ഞു. "ഈ ചീട്ട് ബിസിനസ്സ് ബിസിസിഐ നിരോധിക്കണം. ഇത് വെറും വിവരക്കേടാണ്. കളിയിലേക്ക് ഇത്തരം കടലാസുകൾ കൊണ്ടുവരാൻ താരങ്ങൾക്ക് അനുവാദമുണ്ടോ എന്ന് തന്നെ എനിക്കറിയില്ല. 'ഇന്ന് ഞാൻ ടിവിക്ക് മുന്നിൽ ഇതുകൂടി കാണിച്ചാൽ ആളുകൾ എന്നെ മാസ്സ് ആയി കരുതും' എന്ന് ഏത് നിമിഷത്തിലാണ് അവന് തോന്നിയത് എന്ന് എനിക്കറിയണം. ഇത് നല്ലൊരു ആശയമാണെന്ന് പറഞ്ഞ് അവനെ പ്രോത്സാഹിപ്പിച്ച കൂട്ടുകാർ ആരാണെന്നും അറിയണം. ചിലർക്കിത് തമാശയായി തോന്നാമെങ്കിലും ഇത് വെറും അസംബന്ധമാണ്- റായുഡു തുറന്നടിച്ചു.
മുൻ ന്യൂസിലൻഡ് പേസർ മിച്ചൽ മക്ക്ലനാഗനും ഈ പുതിയ ആഘോഷരീതിയെ വിമർശിച്ചു.പുതിയ തലമുറയിലെ ക്രിക്കറ്റർമാരുടെ ചിന്താഗതി എന്നെ അത്ഭുതപ്പെടുത്തുന്നു. ആളുകൾ നിങ്ങളുടെ പേര് പോലും പഠിച്ചു വരുന്നതേയുള്ളൂ. അതിനിടയിലാണ് ആദ്യത്തെ നല്ലൊരു പ്രകടനത്തിന് പിന്നാലെ ഇങ്ങനെയുള്ള നാടകീയമായ ആഘോഷങ്ങൾ കാണിക്കുന്നത്. കളിയിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് മക്ക്ലനാഗൻ പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസർ ഡെയ്‌ൽ സ്റ്റെയ്‌നും എക്സിൽ ആകാശ് സിംഗിന്‍റെ ആഘോഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. ആ പേപ്പറുകളൊക്കെ ഇനി മടക്കി പോക്കറ്റിൽ വെക്കാനുള്ള സമയമായി. ഇത് ട്രെൻഡിംഗ് ഒന്നും അല്ല. സത്യം പറഞ്ഞാൽ ഇത് ഒരിക്കലും ഒരു നല്ല ട്രെൻഡ് ആയിരുന്നിട്ടുമില്ല-സ്റ്റെയ്ൻ കുറിച്ചു. അതേസമയം തന്‍റെ ആഘോഷത്തെ ന്യായീകരിച്ച് ആകാശ് സിംഗ് രംഗത്തെത്തി. ഐപിഎൽ ഔദ്യോഗികമായി എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് താരം മറുപടി നൽകിയത്. ഈ കുറിപ്പ് എനിക്ക് കളിക്കളത്തിൽ വലിയ പ്രചോദനവും ആത്മവിശ്വാസവുമാണ് നൽകുന്നത്. ഇതിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ല. കളിക്കിടയിൽ എന്നെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങളെ ഞാൻ തുടർന്നും പിന്തുണയ്ക്കുമെന്നായിരുന്നു ആകാശ് പറഞ്ഞത്.
മത്സരത്തിൽ ചെന്നൈ ക്യാപറ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, ഊർവിൽ പട്ടേൽ എന്നിവരെ തുടക്കത്തിലേ പുറത്താക്കി ആകാശ് സിംഗ് ലക്നൗവിന് മേൽക്കൈ നൽകിയിരുന്നു. തുടർന്ന് മിച്ചൽ മാർഷിന്റെ (38 പന്തിൽ 90 റൺസ്) തകർപ്പൻ അര്‍ധസെഞ്ചുറിയുടെ കരുത്തിൽ ചെന്നൈ ഉയർത്തിയ 188 റൺസ് ലക്ഷ്യം ലക്നൗ 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
