ജൂൺ 6 മുതൽ 10 വരെ ന്യൂ ചണ്ഡിഗഡിലെ മുള്ളൻപൂര്‍ സ്റ്റേഡിയത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമല്ലാത്ത അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം നടക്കുക.

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ മേയ് 19-ന് പ്രഖ്യാപിക്കും. ലോകകപ്പ് ഉൾപ്പെടെയുള്ള വരാനിരിക്കുന്ന കടുത്ത മത്സരക്രമങ്ങൾ മുന്നിൽ കണ്ട്, പേസർ ജസ്പ്രീത് ബുംറയുടെ ജോലിഭാരം കുറയ്ക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ഇതിനാൽ അഫ്ഗാനെതിരെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ മാത്രമേ ബുംറ കളിക്കുകയുള്ളൂ.

Add Asianetnews as a Preferred SourcegooglePreferred

ജൂൺ 6 മുതൽ 10 വരെ ന്യൂ ചണ്ഡിഗഡിലെ മുള്ളൻപൂര്‍ സ്റ്റേഡിയത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമല്ലാത്ത അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം നടക്കുക. തുടർന്ന് ജൂൺ 14 (ധരംശാല), 17 (ലക്നൗ), 20 (ചെന്നൈ) തീയതികളിൽ ഏകദിന പരമ്പരയും നടക്കും. രോഹിത് ശർമ്മയും വിരാട് കോലിയും ഏകദിന ടീമില്‍ തിരിച്ചെത്തും.

ഐപിഎല്ലിലെ കടുത്ത മത്സരങ്ങൾക്ക് ശേഷം എത്തുന്ന ബുംറ രണ്ടാഴ്ച നീളുന്ന പരമ്പരയിൽ പൂർണമായി കളിക്കില്ല. ടെസ്റ്റ് ക്രിക്കറ്റിന് ഏറെ പ്രാധാന്യം നൽകുന്ന താരം ടെസ്റ്റ് മത്സരത്തിൽ കളിക്കുകയാണെങ്കിൽ ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കും. മറിച്ച് ഏകദിന പരമ്പരയിലാണ് ബുംറ കളിക്കുന്നതെങ്കിൽ ടെസ്റ്റിൽ വിശ്രമം നൽകാനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ നീക്കം. ബുംറ ടെസ്റ്റിൽ കളിച്ചില്ലെങ്കിൽ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാകും ഇന്ത്യൻ പേസ് നിരയെ നയിക്കുക.

യുവ പേസർ ഹർഷിത് റാണയ്ക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ ഡൽഹിയുടെ യുവതാരം പ്രിൻസ് യാദവിനെ ഏകദിന ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയേറി. ആഭ്യന്തര ക്രിക്കറ്റിലെ വിജയ് ഹസാരെ ട്രോഫിയിൽ 8 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ വീഴ്ത്തി പ്രിൻസ് തിളങ്ങിയിരുന്നു. കൂടാതെ, ഐപിഎല്ലിൽ ലക്നൗവിനായി 12 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തി പ്രിന്‍സ് തിളങ്ങി. ഐപിഎല്ലിൽ വിരാട് കോലിയെ മനോഹരമായ ഒരു ഇൻസ്വിംഗറിലൂടെ പുറത്താക്കിയതും കോലി പ്രിൻസിനെ അഭിനന്ദിച്ചതും ശ്രദ്ധേയമായിരുന്നു.യുവതാരങ്ങളെ പരീക്ഷിക്കാൻ ഇതിലും മികച്ചൊരു പരമ്പരയില്ലെന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ.

വരാനിരിക്കുന്ന ശ്രീലങ്ക, ന്യൂസിലൻഡ് പര്യടനങ്ങൾ മുന്നിൽ കണ്ട് ടെസ്റ്റ് ടീമിൽ വലിയ പരീക്ഷണങ്ങൾക്ക് സെലക്ടർമാർ മുതിർന്നേക്കില്ല. കഴിഞ്ഞ ഒരു വർഷമായി ടെസ്റ്റിൽ കളിക്കുന്ന പരിചിത മുഖങ്ങൾ തന്നെയാകും ടീമിലിടം നേടുക. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച സായ് സുദർശന് പകരം ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിലേക്ക് എത്തിയേക്കും. തമിഴ്‌നാടിനായി മൂന്നാം നമ്പറിൽ തിളങ്ങിയ വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജൂറെൽ എന്നിവരും ഈ സ്ഥാനത്തിനായി പരിഗണനയിലുണ്ട്.

ആകാശ് ദീപും ഹർഷിത് റാണയും പരിക്കിന്‍റെ പിടിയിലായതിനാൽ, കഴിഞ്ഞ രഞ്ജി ട്രോഫിയിൽ 60 വിക്കറ്റുകൾ വീഴ്ത്തിയ ജമ്മു കശ്മീർ പേസർ അക്വിബ് നബിയെ റിസർവ് പേസറായി പരിഗണിച്ചേക്കും. പേസ് ബോളിംഗ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ഈ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്പിന്നര്‍മാരായി ടീമിലെത്തും. എന്നാൽ അക്സർ പട്ടേലിന്‍റെ ടെസ്റ്റ് ടീമിലെ സ്ഥാനം ഭീഷണിയിലാണ്. അക്സറിന് പകരം മാനവ് സുതറിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തും ധ്രുവ് ജൂറെലും ടീമിലെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക