യൂവേഫ നേഷന്‍സ് കപ്പ് മത്സരങ്ങള്‍ പരിക്കേറ്റ ഹ്യൂഗോ ലോറിസിന് നഷ്‍ടമാകുമെന്ന് പരിശീലകന്‍. 

പാരിസ്: ഫ്രാന്‍സിന്‍റെ ലോകകപ്പ് നായകന്‍ ഹ്യൂഗോ ലോറിസിന് യൂവേഫ നേഷന്‍സ് കപ്പ് മത്സരങ്ങള്‍ നഷ്‍ടമാകും. തുടയ്ക്ക് പരിക്കേറ്റ ലോറിസിന് ജര്‍മനിക്കും നെതര്‍ലന്‍ഡിനുമെതിരായ മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന് പരിശീലകന്‍ ദിദിയര്‍ ദെഷാം വ്യക്തമാക്കി. ലോറിസിന് പകരക്കാരനായി പുതുമുഖം ബെഞ്ചമിന്‍ ലെക്കോംടേയെ 23 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ലോറസിന്‍റെ അസാന്നിധ്യത്തില്‍ ഗ്ലൗ അണിയാറുള്ള രണ്ടാമന്‍ സ്റ്റീവ് മന്‍റാണ്ടയ്ക്കും പരിക്കേറ്റത് ഫ്രാന്‍സിന് തിരിച്ചടിയായിട്ടുണ്ട്. അതിനാല്‍ പിഎസ്ജിയുടെ അല്‍ഫോന്‍സ് അറീലയാവും ജര്‍മനിക്കെതിരായ മത്സരത്തില്‍ ഫ്രഞ്ച് വല കാക്കുക എന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ ലോകകപ്പില്‍ ടീമിലുണ്ടായിരുന്നെങ്കിലും അറീലയ്ക്ക് ഒരു മത്സരത്തില്‍പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.