പരിക്കേറ്റ ഇശാന്ത് ശര്‍മ്മ കളിക്കുമോ എന്ന കാര്യം സംശയത്തില്‍

മുംബൈ: അഫ്ഗാനെതിരെ നടക്കേണ്ട ചരിത്ര ടെസ്റ്റിന് മുന്‍പ് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. പരിക്കേറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ പുറത്തായതിന് പിന്നാലെ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് പരിക്കേറ്റതാണ് ഇന്ത്യയ്ക്ക് തലവേദനയാവുന്നത്. ബാംഗ്ലൂരില്‍ ജൂണ്‍ 14 മുതലാണ് അഫ്ഗാന്‍റെ ടെസ്റ്റ് അരങ്ങേറ്റത്തിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്.

നേരത്തെ സഹയ്ക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റ് കീപ്പറായി ടീമിലുള്‍പ്പെടുത്തിയിരുന്നു. കൗണ്ടി ക്രിക്കറ്റില്‍ സസക്സിനായി കളിക്കവേയാണ് ഇഷാന്തിന് പരിക്കേറ്റത്. ഇതോടെ എസെ‌ക്സിനെതിരായ മത്സരം ഇശാന്തിന് നഷ്ടമായി. ഇത് രണ്ടാം തവണയാണ് സീസണില്‍ ഇശാന്തിന് പരിക്കേല്‍ക്കുന്നത്.

എന്നാല്‍ ഇഷാന്തിന്‍റെ പരിക്ക് എത്രത്തേളം ഗുരുതരമാണെന്ന് ഇപ്പോള്‍ വ്യക്തമല്ല. അഫ്ഗാനെതിരായ മത്സരത്തിന് മുമ്പ് യോയോ ടെസ്റ്റ് ഇശാന്തിന് വിജയിക്കേണ്ടതുണ്ട്. കൗണ്ടിയില്‍ മികച്ച ബൗളിംഗ് കാഴ്ച്ചവെക്കുന്ന ഇശാന്തിന് അഫ്ഗാന്‍ ടെസ്റ്റില്‍ കളിക്കാനാകാതെ വന്നാല്‍ ഇന്ത്യയ്ക്കത് ഇരുട്ടടിയാവും.