മിലാന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ടോട്ടന്‍ഹാമിനെതിരേ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇന്റര്‍ വിജയിച്ചത്. ഇതില്‍ മൗറോ ഇക്കാര്‍ഡിയുടെ ഒരു വണ്ടര്‍ഗോളും ഉള്‍പ്പെടും. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ററിന്റെ തിരിച്ചുവരവ്. അതും അവസാന അഞ്ച് മിനിറ്റില്‍.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ടോട്ടന്‍ഹാമിന്റെ ആദ്യഗോള്‍. സാന്‍സിറോയില്‍ 53ാം മിനിറ്റില്‍ സ്പര്‍സ് ലീഡ് നേടി. ക്രിസ്റ്റിയന്‍ എറിക്‌സന്റെ ഷോട്ട് ജാവോ മിറാന്റയുടെ ദേഹത്ത് തട്ടി ഇന്റര്‍ വലയില്‍ പതിച്ചു. 

മത്സരം സ്പര്‍സ് വിജയിക്കുമെന്നിരിക്കെ ഇക്കാര്‍ഡിയുടെ തകര്‍പ്പന്‍ ഗോളെത്തി. ബോക്‌സിന് പുറത്ത് നിന്നുള്ള ഒരു വോളി സ്പര്‍സിന്റെ വലയില്‍ പതിഞ്ഞു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ വസിനോയിലൂടെ ഇന്റര്‍ ലീഡ് നേടി അവരുടെ തിരിച്ചുവരവ് പൂര്‍ത്തിയാക്കി.