ഇതിനകം ഫൈനലുറപ്പിച്ച ടീമാണ് ഇന്ത്യ
മുംബൈ: ഇന്‍റർ കോണ്ടിനെന്‍റൽ കപ്പ് ഫുട്ബോളിൽ ഫൈനലുറപ്പിച്ച ഇന്ത്യ ഇന്ന് ന്യുസീലൻഡിനെ നേരിടും. രാത്രി എട്ടിന് മുംബൈ ഫുട്ബോള്‍ അറീനയിലാണ് മത്സരം. ചൈനീസ് തായ്പേയിയെ അഞ്ച് ഗോളിനും കെനിയയെ മൂന്ന് ഗോളിനും മുക്കിയാണ് സുനിൽ ഛേത്രിയുടെ നീലപ്പട ഫൈനലിലേക്ക് മുന്നേറിയത്. ടൂർണമെന്‍റിൽ എല്ലാ കളിയും ജയിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ പറഞ്ഞു.
രണ്ട് കളിയിൽ അഞ്ചുഗോൾ നേടിയ ഛേത്രി തന്നെയായിരിക്കും ഇന്നും ശ്രദ്ധാകേന്ദ്രം. മലയാളി സാന്നിധ്യമായി അനസ് എടത്തൊടികയും ആഷിക് കുരുണിയനും കളിച്ചേക്കും. ഗാലറിയിൽ ഇന്നും ആരാധകരുടെ വൻ സാന്നിധ്യമുണ്ടാവും എന്നാണ് ഇന്ത്യൻ ക്യാമ്പിന്‍റെ പ്രതീക്ഷ. കിവീസ് കെനിയയോട് തോറ്റപ്പോൾ ചൈനീസ് തായ്‌പേയിക്കെതിരെ ജയം നേടി. ഫൈനൽ പ്രതീക്ഷ നിലനിർത്താൻ കിവീസിന് ജയം അനിവാര്യമാണ്. ഞായറാഴ്ചയാണ് ഫൈനൽ.
