കൊല്‍ക്കത്ത: ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെയും പേസ് ബൗളര്‍മാരുടെയും മികവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത വീണ്ടും വീജയവഴിയില്‍ തിരിച്ചെത്തി. മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത തങ്ങളുടെ രണ്ടാം ജയം ആഘോഷിച്ചത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം ഗംഭീറിന്റെ അപരാജിത അര്‍ധസെഞ്ചുറിയുടെ(60 പന്തില്‍ 90 നോട്ടൗട്ട്)മികവില്‍ കൊല്‍ക്കത്ത അനായാസം മറികടന്നു. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്-20 ഓവറില്‍ 142/7, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 18.2 ഓവറില്‍ 146/2.

നാട്ടില്‍ മുംബൈയോടേറ്റതിന്റെ ക്ഷീണം മാറ്റുന്ന പ്രകടനമായിരുന്നു കൊല്‍ക്കത്തയുടേത്. ബ്രാഡ് ഹോദിന് പകരം ടീമിലെത്തിയ സുനില്‍ നരെയ്ന് അത്ഭുതങ്ങളൊന്നും കാട്ടാനായില്ലെങ്കിലും മുന്‍നിരയില്‍ ഉമേഷ് യാദവും(28/3), മോണി മോര്‍ക്കലും(35/2) തകര്‍ത്തെറിഞ്ഞതോടെ സണ്‍റൈസേഴ്സിന് ഉദിച്ചുയരാനായില്ല. 51 റണ്‍സെടുത്ത ഓയിന്‍ മോര്‍ഗന്റെയും 37 റണ്‍സെടുത്ത നമാന്‍ ഓജയുടെയും പോരാട്ടമാണ് അവര്‍ 142ല്‍ എത്തിച്ചത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 13ഉം ശീഖര്‍ ധവാന്‍ ആറും റണ്‍സെടുത്ത് പുറത്തായി.

മറുപടി ബാറ്റിംഗില്‍ രോബിന്‍ ഉത്തപ്പയും(38) ഗൗതം ഗംഭീറും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.3 ഓവറില്‍ 92 റണ്‍സടിച്ചുകൂട്ടി. ആന്ദ്രെ റസല്‍(2) വന്നപോലെ പോയെങ്കിലും മനീഷ് പാണ്ഡെ(11) വിജയത്തില്‍ ക്യാപ്റ്റന് കൂട്ടായി. സണ്‍റൈസേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.