ബംഗളൂരു: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ തോളിന് പരിക്കേറ്റ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നായകന്‍ വിരാട് കോലിയുടെ ഐപിഎല്‍ പങ്കാളിത്തം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിസിസിഐ വാര്‍ത്താക്കുറിപ്പിറക്കി. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ കോലി ബംഗളൂരുവിനായി കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. തോളിനേറ്റ പരിക്ക് ഭേദമാവാന്‍ ഏതാനും ആഴ്ചകള്‍ കൂടി എടുക്കുമെന്നതിനാലാണിത്. ഏപ്രില്‍ രണ്ടാം വാരം മാത്രമെ കോലിക്ക് എന്ന് കളിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാനാവൂ എന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കോലിയുടെ അഭാവത്തില്‍ ബംഗളൂരുവിനെ നയിക്കുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സും ആദ്യ മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ ആരാകും ബംഗളൂരുവിനെ തുടക്കത്തില്‍ നയിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യന്‍ ഓപ്പണറും ബംഗളൂരു താരവുമായ കെ എല്‍ രാഹുലിനും ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ കളിക്കില്ല. തോളിനേറ്റ പരിക്കിന് ശസ്ത്ക്രിയ്ക്ക് വിധേയനാവാനായി ലണ്ടനിലേക്ക് പോകുകയാണ് രാഹുല്‍.
രാഹുലും കോലിയും ഡിവില്ലിയേഴ്സും പുറത്തിരിക്കുന്ന സാഹചര്യത്തില്‍ ക്രിസ് ഗെയിലിലാകും ആദ്യ മത്സരങ്ങളില്‍ ബംഗളൂരുവിന്റെ എല്ലാ പ്രതീക്ഷയും. നേരത്തെ ബംഗളൂരു ടീമിലുണ്ടായിരുന്ന ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും പരിക്കിന്റെ പേരില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയിരുന്നു.
