രഹാനെയുടെയും സഞ്ജുവിന്‍റെയും ശരാശരി പ്രകടനവും സ്റ്റോക്‌സിന്റെയും ത്രിപാഠിയുടെയും മോശം ഫോമും തുടര്‍ന്നാല്‍ രാജസ്ഥാന് രക്ഷയുണ്ടാവില്ല.

ജയ്പൂര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം.ഒത്തുകളിക്ക് പുറത്താക്കപ്പെട്ട് ഐ പി എല്ലിലേക്ക്
തിരിച്ചെത്തിയ രണ്ട് ടീമുകളുടെ ഭാവി നിശ്ചയിക്കുന്ന പോരാട്ടം. പത്ത് കളിയില്‍ ആറ് തോല്‍വിയും നാല് ജയവുമായി എട്ട് പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയമല്ലാതെ മറ്റൊരു വഴിയുമില്ല. ഏഴ് ജയവും മൂന്ന് തോല്‍വിയും അക്കൗണ്ടിലുള്ള ധോണിയുടെ ചെന്നൈക്ക് ഇന്ന് ജയിച്ചാല്‍ പ്ലേഓഫ് ഏറക്കുറെ ഉറപ്പിക്കാം.

രഹാനെയുടെയും സഞ്ജുവിന്‍റെയും ശരാശരി പ്രകടനവും സ്റ്റോക്‌സിന്റെയും ത്രിപാഠിയുടെയും മോശം ഫോമും തുടര്‍ന്നാല്‍ രാജസ്ഥാന് രക്ഷയുണ്ടാവില്ല. ബട്ട്‍ലര്‍, ഗൗതം, ഇഷ് സോധി, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ പ്രകടനാണ് ഷെയ്ന്‍ വോണിന്റെ ആശ്വാസം. പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് വയസ്സന്‍ പടയെന്ന് ആക്ഷേപമേറ്റ ചെന്നൈ സൂപ്പര്‍ കിംഗ്സ്. മുപ്പത് വയസ്സ് പിന്നിട്ട ധോണിയും റായു‍‍ഡുവും വാട്സനും ബ്രാവോയും റെയ്നയുമെല്ലാം അവസരത്തിനൊത്ത് ഉയരുന്നു.

ധോണി ഫിനിഷറെന്ന നിലയില്‍ പഴയപ്രതാപത്തിലേക്ക് തിരിച്ചെത്തിയത് ചെന്നൈയ്‌ക്ക് നല്‍കിയത് പുത്തനുണര്‍വ്.പൂനെയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈ ജയിച്ചത് 64 റണ്‍സിന്.
ഈ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരംവീട്ടാന്‍ കൂടിയുണ്ട് രഹാനെയുടെ രാജസ്ഥാന്.