സഹീര്‍ ഖാനെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടറാക്കി മുംബൈ ഇന്ത്യന്‍സ്. സഹീര്‍ 2009, 2010, 2014 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചിട്ടുണ്ട്...
മുംബൈ: ഐപിഎല്ലില്‍ മുന്‍ താരം സഹീര്‍ ഖാനെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടറാക്കി മുംബൈ ഇന്ത്യന്‍സ്. ജയ്‌പൂരില്‍ ഇന്ന് നടക്കുന്ന താരലേലത്തില്‍ ടീം ഉടമകളായ നിതാ അംബാനിക്കും ആകാശ് അംബാനിക്കുമൊപ്പം സഹീര്‍ പങ്കെടുക്കും. ഇടംകൈയന്‍ പേസറായ സഹീര്‍ 2009, 2010, 2014 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചിട്ടുണ്ട്. മുപ്പത് മത്സരങ്ങളില്‍ 29 വിക്കറ്റുകളാണ് ടീമിനൊപ്പം സഹീറിന്‍റെ സമ്പാദ്യം.
ഹോം സിറ്റിയായ മുംബൈയില്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് സഹീര്‍ പ്രതികരിച്ചു. മുംബൈ ഇന്ത്യന്‍സിനും നായകന്‍ രോഹിത് ശര്‍മ്മയ്ക്കുമൊപ്പം ഡ്രസിംഗ് റൂം പങ്കിടുന്നതിന്‍റെ ആകാംക്ഷയിലാണ്. സീസണ്‍ ആരംഭിക്കാന്‍ അധികനാള്‍ കാത്തിരിക്കാനാകില്ലെന്നും സഹീര്‍ പറഞ്ഞു.
ഐപിഎല്ലില്‍ നൂറോളം മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ മുന്‍ പേസര്‍ 7.59 ഇക്കോണമിയില്‍ 102 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. പതിനേഴ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായാണ് സഹീര്‍ അവസാനമായി കളിച്ചത്.
