മുംബൈ: ഐപിഎല്‍ 11-ാം സീസണിലേക്കുള്ള താരലേലം ജനുവരി അവസാന വാരം നടക്കുമെന്ന് റിപ്പോര്‍ട്ട്. ഗോവയാകും ഇത്തവണത്തെ താരലേലത്തിന് വേദിയാവുക എന്നാണ് സൂചന. എന്നാല്‍ ക്രിസ്തുമസ്-പുതിവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഗോവയ്ക്ക് പകരം മറ്റൊരു വേദിയും ബിസിസിഐ പരിഗണിക്കുന്നുണ്ട്. 

രണ്ട് വിദേശ താരമടക്കം അഞ്ച് പേരെയാണ് ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. താരലേലത്തില്‍ ടീമുകള്‍ക്ക് ആകെ ചിലവഴിക്കാനുള്ള പരമാവധി തുക 66 കോടിയില്‍ നിന്ന് 80 കോടിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട ചെന്നൈ സൂപ്പര്‍ കിംങ്സും രാജസ്ഥാന്‍ റോയല്‍സും ഇത്തണ തിരിച്ചെത്തുമെന്നത് സവിശേഷതയാണ്. 

അതേസമയം 2015ല്‍ ടീമിലുണ്ടായിരുന്ന കളിക്കാരെ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലും രാജസ്ഥാന്‍ റോയല്‍സിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ എം.എസ്.ധോണി ചെന്നൈ ടീമില്‍ നായകനായി തിരിച്ചെത്തുമെന്ന് ഉറപ്പായി. ഐപിഎല്‍ പത്ത് വര്‍ഷം പിന്നിട്ടതിനാല്‍ വരുന്ന സീസണില്‍ എല്ലാ ടീമുകളിലും അഴിച്ചുപണിയുണ്ടാകും.