ന്യൂഡല്‍ഹി: ഐപിഎല്‍ സംപ്രേഷണാവകാശം ഇ-ലേലം വഴി നല്‍കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ ബിസിസിഐക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഓഗസ്റ്റ് 24ന് ഹര്‍ജി സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണാവകാശം നല്കാന്‍ 17ന് ലേലം ആരംഭിക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ നടപടി. ഇതോടെ ലേലം നിശ്ചയിച്ച സമയത്ത് നടക്കില്ലെന്നുറപ്പായി.

മത്സരങ്ങളുടെ സംപ്രേഷണാവകാശം നല്‍കുന്നതിലൂടെ 30000 കോടിയോളം രുപയുടെ വരുമാനമാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. അതിനാല്‍ സുതാര്യതയുറപ്പിക്കാന്‍ ഇ-ലേലം വേണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം.