ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തിൽ 45-ാം പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ വിരാട് കോലി, ഈ നേട്ടത്തിൽ സനത് ജയസൂര്യയുടെ റെക്കോർഡിന് തൊട്ടരികെയെത്തി. 

വഡോദര: ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തിലെ താരമായത് വിരാട് കോലിയായിരുന്നു. 93 റണ്‍സെടുത്തതോടെയാണ് കോലി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഏകദിന കരിയറില്‍ കോലിയുടെ 45-ാം പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരമാണിത്. ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരം നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ കോലി.

ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. 62 തവണ അദ്ദേഹം മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ (48) രണ്ടാം സ്ഥാനത്ത്. മൂന്ന് പുരസ്‌കാരങ്ങള്‍ കൂടി നേടിയാല്‍ കോലിക്ക് ജയസൂര്യക്ക് ഒപ്പമെത്താം. ജാക്വിസ് കാലിസ് (32), റിക്കി പോണ്ടിംഗ് (32), ഷാഹിദ് അഫ്രീദി (32) എന്നിവര്‍ കോലിക്ക് പിറകിലാണ്.

300ല്‍ അധികം സ്‌കോര്‍ വിജയകരമായി പിന്തുടരുമ്പോഴൊക്കെ കോലി ഫോമിലായിട്ടുണ്ട്. 12 ഇന്നിംഗ്‌സില്‍ 1091 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 871 പന്തുകള്‍ നേരിട്ടു. 121.22 ശരാശരിയും കോലിക്കുണ്ട്. 125.25 സ്‌ട്രൈക്ക് റേറ്റ്. ഏഴ് സെഞ്ചുറികള്‍ നേടിയ കോലി രണ്ട് അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി.

ആയുഷ് ബദോനി ടീമില്‍

അതേസമയം, ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര നഷ്ടമാകും. വഡോദരയില്‍ നടന്ന മത്സരത്തില്‍ താരത്തിന് ഇടുപ്പ് വേദന അനുഭവപ്പെടുകയായിരുന്നു. സുന്ദറിന് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്‌കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകന്‍ ശുഭ്മാന്‍ ഗില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സ്‌കാനിംഗ് റിപ്പോര്‍ട്ട് വന്നതോടെയാണ് താരത്തിന് പരമ്പര നഷ്ടമാകുമെന്ന് ഉറപ്പായത്.

സുന്ദറിന് പകരം ആയുഷ് ബദോനിയെ ടീമില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ച്ച രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ബദോനി ടീമിനൊപ്പം ചേരും. ആദ്യമായിട്ടാണ് ബദോനിക്ക് ഇന്ത്യക്ക് ടീമിലേക്കുള്ള വിളി വരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്ന ബദോനി അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

YouTube video player