ബംഗലൂരു: ഈ സീസണിലെ ഐ പി എല്‍ താരലേലം നാളെ ബംഗലൂരുവില്‍ നടക്കും.351 താരങ്ങളാണ് ലേല പട്ടികയിലുള്ളത്. ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് നാളെ വിരാമം. ഈ സീസണിലെ ഐപിഎല്ലില്‍ ആരൊക്കെ ഏതൊക്കെ ടീമുകളില്‍ കളിക്കുമെന്ന് നാളെ അറിയാം.122 രാജ്യാന്തര താരങ്ങളും 229 ആഭ്യന്തര താരങ്ങളുമുള്ള പട്ടികയിലെ 76 പേരെ എട്ട് ടീമുകള്‍ക്ക് സ്വന്തമാക്കാം.
ഏറ്റവും കൂടുതല്‍ തുക മുടക്കനാവുക കിംഗ്സ് ഇലവന്‍ പഞ്ചാബിന്, 23.45 കോടി രൂപ. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് 21.5 കോടിയും ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20.9 കോടിയും കൊല്‍ക്കത്തയ്‌ക്ക് 19.75 കോടി രൂപയും മുടക്കാം. ഏറ്റവും കുറവ് മുംബൈ ഇന്ത്യന്‍സിനാണ്, 11.55 കോടി.അടിസ്ഥാനവില രണ്ടുകോടി രൂപയുള്ള ഇഷാന്ത് ശര്‍മ, ബെന്‍ സ്റ്റോക്‌സ്, ഓയിന്‍ മോര്‍ഗന്‍, ക്രിസ് വോക്‌സ്, മിച്ചല്‍ ജോണ്‍സന്‍, പാറ്റ് കമ്മിന്‍സ്, ഏഞ്ചലോ മാത്യൂസ് എന്നിവരാണ് വിലയേറിയ താരങ്ങള്‍.
പാകിസ്ഥാന്‍ താരങ്ങള്‍ ഇത്തവണയുമില്ല. 44 വിദേശികള്‍ ഉള്‍പ്പടെ 140 താരങ്ങളെ എട്ട് ടീമുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേരളവും ഇത്തവണ ഏറെ പ്രതീക്ഷയില്‍. താരപട്ടികയിലുള്ളത് ആറ് മലയാളികള്‍. രോഹന്‍ പ്രേം, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, ഫാബിദ് ഫറൂഖ്, സി വി വിനോദ് കുമാര്‍, സന്ദീപ് വാര്യര്‍ എന്നിവര്‍. പത്ത് ലക്ഷം രൂപയാണ് മലയാളി താരങ്ങളുടെ അടിസ്ഥാന വില. നേരത്തേ സഞ്ജു വി സാംസണെ ഡല്‍ഹിയും സച്ചിന്‍ ബേബിയെ ബംഗലൂരുവും നിലനിര്‍ത്തിയിരുന്നു.
