ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആറ് വിക്കറ്റ് ജയം

പുനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആറ് വിക്കറ്റ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ചെന്നൈ രണ്ട് ഓവര്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ എത്തിപ്പിടിച്ചു. റായുഡു, റെയ്‌ന, ധോണി എന്നിവരുടെ ബാറ്റിംഗ് മികവാണ് ചെന്നൈയ്ക്ക് സീസണിലെ ഏഴാം ജയം സമ്മാനിച്ചത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. ആദ്യ ഓവറുകളില്‍ ജഡേജയും എന്‍ഗിഡിയും എറിഞ്ഞിട്ടപ്പോള്‍ പേരുകേട്ട റോയല്‍ ചലഞ്ചേഴ്സ് മുന്‍നിര തരിപ്പിണമാവുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ പാര്‍ത്ഥീവ് പട്ടേലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. പാര്‍ത്ഥീവ് 41 പന്തില്‍ 53 റണ്‍സെടുത്തു. 

ബാംഗ്ലൂര്‍ നിരയില്‍ പാര്‍ത്ഥീവിനും സൗത്തിക്കും മാത്രമാണ് രണ്ടക്കം കാണാനായത്. നായകന്‍ കോലി എട്ട് റണ്‍സെടുത്തും ടീമില്‍ മടങ്ങിയെത്തിയ എബിഡി ഒരു റണ്‍സുമായി പുറത്തായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ടീമിനെ 100 കടത്തിയ ടിം സൗത്തി 24 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി ജഡേജ മൂന്നും ഭാജി രണ്ടും വിക്കറ്റ് വീഴ്ത്തി. വില്ലിയും എന്‍ഗിഡിയും ഓരോ വിക്കറ്റുകള്‍ നേടി. 

മറുപടി ബാറ്റിംഗില്‍ വാട്സണെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് തളര്‍ന്നില്ല. മൂന്നാം ഓവറില്‍ തകര്‍പ്പന്‍ യോര്‍ക്കറില്‍ വാട്സണ്‍(11) പുറത്താക്കി ഉമേഷ് ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ റായുഡുവും റെയ്നയും തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ ബൗളര്‍മാരുടെ പ്രതീക്ഷകള്‍ ചെന്നൈ തകര്‍ത്തു. ഇരുവരും അനായാസം ചെന്നൈയെ 50 കടത്തി. 

ടീം സ്കോര്‍ 62ല്‍ നില്‍ക്കേ റെയ്നയെ പുറത്താക്കി വീണ്ടും ഉമേഷ് ആഞ്ഞടിച്ചു. പിന്നാലെ 32 റണ്‍സുമായി റായുഡു അശ്വിന്‍റെ പന്തിലും എട്ട് റണ്‍സെടുത്ത് ഷോരെ ഗ്രാന്‍ന്തോമിന്‍റെ മുന്നിലും വീണു. ഇതോടെ 13 ഓവറില്‍ നാല് വിക്കറ്റിന് 82 റണ്‍സ് എന്ന നിലയിലായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. വ്യക്തിഗത സ്കോര്‍ ഒന്നില്‍ നില്‍ക്കേ ബ്രാവോയെ ചഹല്‍ കൈവിട്ടത് ചെന്നൈയ്ക്ക് തുണയായി. 

ചെന്നൈ 15 ഓവറില്‍ 100ലെത്തി. അവസാന നാല് ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 28 റണ്‍സ്. ഗ്രാന്‍ന്തോം എറിഞ്ഞ 17-ാം ഓവറില്‍ ചെന്നൈയ്ക്ക് നേടാനായത് ആറ് റണ്‍സ് മാത്രം. എന്നാല്‍ 18-ാം ഓവര്‍ എറിഞ്ഞ ചഹലിനെതിരെ തുടര്‍ച്ചയായ രണ്ട് സിക്സുകളുമായി ധോണി ടീമിനെ വിജയത്തിനടുത്തെത്തിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ സിംഗിളെടുത്ത് ബ്രാവോ ചെന്നൈയെ വിജയിപ്പിച്ചു.