36 പന്തില്‍ 88 റണ്‍സെടുത്ത ആന്ദ്ര റസലിന്‍റെ വെടിക്കെട്ടാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 203 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. 36 പന്തില്‍ 88 റണ്‍സെടുത്ത ആന്ദ്ര റസലിന്‍റെ വെടിക്കെട്ടാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ചെപ്പോക്കില്‍ 11 സിക്സും ഒരു ബൗണ്ടറിയും സഹിതമായിരുന്നു റസല്‍ ഷോ. 

നരെയ്ന്‍- ലിന്‍ സഖ്യത്തിന്‍റെ വെടിക്കെട്ടോടെയായിരുന്നു മത്സരത്തിന്‍റെ തുടക്കം. എന്നാല്‍ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിത്തുടങ്ങിയ നരെയ്ന്‍(12) സ്‌പിന്നര്‍ ഹര്‍ഭജന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ വീണു. ടീം സ്കോര്‍ 51ല്‍ നില്‍ക്കേ 22 റണ്‍സെടുത്ത ലിന്നിനെ ജഡേജയും പറഞ്ഞയച്ചു. എന്നാല്‍ ഒരുവശത്ത് ഉത്തപ്പ ടോപ് ഗിയറില്‍ തന്നെ അടി തുടര്‍ന്നു. 

ഒമ്പതാം ഓവറില്‍ വാട്സന്‍റെ അടുത്തടുത്ത പന്തുകളില്‍ ഉത്തപ്പയും(29), റാണയും(16) പുറത്തായതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. രണ്ട് റണ്‍സുമായി റിങ്കുവും പവലിയനിലേക്ക് മടങ്ങിയതോടെ കൊല്‍ക്കത്ത 10 ഓവറില്‍ 89ന് അഞ്ച്. എന്നാല്‍ അവിടെനിന്ന് നായകന്‍ കാര്‍ത്തികിനെ കൂട്ടുപിടിച്ച് റസല്‍ അടി തുടങ്ങുകയായിരുന്നു.

15 ഓവറില്‍ കൊല്‍ക്കത്ത 123ലെത്തി. ബ്രാവോയുടെ 17-ാം ഓവറില്‍ റസലിന്‍റെ വക മൂന്ന് സിക്സ്. 18-ാം ഓവറിലെ ആദ്യ പന്തില്‍ വാട്സണെ അതിര്‍ത്തി കടത്തി റസല്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. എന്നാല്‍ നാലാം പന്തില്‍ വാട്സണ്‍ കാര്‍ത്തികിനെ(26) എല്‍ബിയില്‍ കുടുക്കി. പക്ഷേ റസല്‍ അടങ്ങിയില്ല. 19-ാം ഓവറില്‍ ബ്രാവോയെ തുടര്‍ച്ചയായ മൂന്ന് സിക്സിന് പറത്തി. അവസാന ഓവറില്‍ ആദ്യ- അവസാന പന്തുകള്‍ അതിര്‍ത്തികടത്തി റസല്‍ സ്കോര്‍ 200 കടത്തുകയായിരുന്നു.

ചെന്നൈ നിരയില്‍ കേദാര്‍ ജാദവ്, മാര്‍ക് വുഡ് എന്നിവര്‍ക്ക് പകരം ശാര്‍ദുള്‍ ഠാക്കൂറും സാം ബില്ലിംഗ്സും കളിക്കുന്നത്. അതേസമയം കൊല്‍ക്കത്തയ്ക്കായി മിച്ചല്‍ ജോണ്‍സണ് പകരക്കാരനായി ടോം കുരാന്‍ ടീമിലെത്തി. കാവേരി പ്രശ്നത്തില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് ചെന്നൈയില്‍ മത്സരം നടക്കുന്നത്.