പുനെയിലെ ആദ്യ ഹോം മത്സരത്തില്‍ 'തല'യുണ്ടാകില്ല?
പുനെ: ഐപിഎല്ലില് പുതിയ ഹോം വേദിയായ പുനെയില് ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പര് കിംഗ്സ്. പുനെയില് രാജസ്ഥാന് റോയല്സിനെ നേരിടാന് തയ്യാറെടുക്കുന്ന ചെന്നൈയ്ക്ക് അത്ര ശുഭകരമായ വാര്ത്തയല്ല ടീം ക്യാമ്പില് നിന്ന് പുറത്തുവരുന്നത്. ടീമിന്റെ നെടുംതൂണും നായകനുമായ എംഎസ് ധോണിയുടെ പരിക്ക് ടീമിനെയും ആരാധകരെയും ആശയക്കുഴപ്പത്തിലാക്കുന്നു.
രാജസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് എംഎസ് ധോണി ഗ്രൗണ്ടിലിറങ്ങിയില്ല. കിംഗ്സ് ഇലവനെതിരായ കഴിഞ്ഞ മത്സരത്തിലാണ് ധോണിയുടെ നടുവിന് പരിക്കേറ്റത്. മത്സരത്തില് പുറത്താകാതെ 79 റണ്സെടുത്തിരുന്നു സൂപ്പര് താരം. ലീഗില് നിലവില് പരിക്കു മൂലം വലയുന്ന ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര് കിംഗ്സ്. പരിക്കേറ്റ് ഓള്റൗണ്ടര് കേദാര് ജാദവ് നേരത്തെ സീസണില് നിന്ന് പുറത്തായിരുന്നു.
പരിക്കേറ്റ ഫാഫ് ഡുപ്ലസിസും സുരേഷ് റെയ്നയും രാജസ്ഥാനെതിരായ മത്സരത്തില് കളിക്കുമോയെന്നും വ്യക്തമല്ല. റെയ്നയ്ക്ക് ഞാറാഴ്ച്ച ഹൈദരാബാദിനെതിരായ മത്സരത്തില് മാത്രമെ കളിക്കാനാകൂ എന്നാണ് റിപ്പോര്ട്ടുകള്. അതിനാല് ധോണി കളിക്കാതിരുന്നാല് പകരം ഹര്ഭജന് സിങോ ഷെയ്ന് വാട്സണോ ടീമിനെ നയിച്ചേക്കും. അതേസമയം വിക്കറ്റിന് പിന്നില് ധോണിക്ക് പകരം ആരെ ചുമതലയേല്പിക്കും എന്നതും ആശങ്കയാണ്.
