ടോസ് നേടിയ ചെന്നൈ ബൗളിംഗ് തെരഞ്ഞെടുത്തു

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണിന്‍റെ കലാശപ്പോരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ബാറ്റിംഗ്. വാംഖഡേ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയില്‍ ഹര്‍ഭജന് പകരം കരണ്‍ ശര്‍മ്മയും, സണ്‍റൈസേഴ്സിനായി സാഹയ്ക്ക് പകരം ഗോസ്വാമിയും ഖലീലിന് പകരം സന്ദീപ് ശര്‍മ്മയും കളിക്കും

പരിചയസമ്പത്താണാണ് ചെന്നൈയുടെ കൈമുതൽ. ബൗളിംഗ് കരുത്തുമായി ഹൈദരാബാദും. എന്നാല്‍ മുൻതൂക്കം ചെന്നൈയ്ക്കൊപ്പമാണ്. ക്വാളിഫയറിൽ അടക്കം സീസണിൽ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈ ജയിച്ചു. ധോണി, ഡുപ്ലെസി, റായ്ഡു, ബ്രാവോ, റെയ്ന, വാട്സൺ എന്നിവരിൽ രണ്ടുപേരെങ്കിലും തിളങ്ങിയാൽ ചെന്നൈ സുരക്ഷിതരാവും. ബൗളിംഗിലും ബാറ്റിംഗിലും ചെന്നൈ നിര സന്തുലിതം.

വില്യംസണെയും ധവാനെയും അമിതമായി ആശ്രയിക്കുന്നതാണ് ഹൈദരാബാദിന്‍റെ വെല്ലുവിളി. റഷീദ് ഖാനും ഭുവനേശ്വർ കുമാറും നന്നായി പന്തെറിയുന്നുണ്ടെങ്കിലും കൂടെയുള്ളവർക്ക് തുടക്കത്തിലേ മികവ് ആവർത്തിക്കാനാവുന്നില്ല. 170 റൺസിനുമേൽ നേടാനാവുന്ന വിക്കറ്റാണ് വാംഖഡേയിൽ ഒരുക്കിയിരിക്കുന്നത്. റഷീദ് ഖാന്റെ നാലോവറായിരിക്കും മത്സരത്തിന്‍റെ ഗതി നിശ്ചയിക്കുന്നതിൽ നിർണായകമാവുക.