ആരാധകരുടെ സൂപ്പര്‍ ക്ലബുകളെ കുറിച്ച് ഡല്‍ഹി നായകന്‍ പറയുന്നതിങ്ങനെ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എതിര്‍ ടീമുകളെ പ്രശംസിച്ച് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകന്‍ ഗൗതം ഗംഭീര്‍. ആരാധകരോടുള്ള സമീപനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മാതൃകാപരമായ രീതിയാണ് പുലര്‍ത്തുന്നതെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ക്രിക്കറ്റ് പൊതുവേ ആരാധകര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാറില്ല. എന്നാല്‍ ആരാധകര്‍ക്കായി 'വിസില്‍ പോട്' എക്‌സ്‌പ്രസ് ക്രമീകരിച്ച ചെന്നൈയും ആരാധകര്‍ക്കായി പന്ത്രണ്ടാം നമ്പര്‍ ജേഴ്സി മാറ്റിവച്ച ബാംഗ്ലൂരും പ്രശംസ അര്‍ഹിക്കുന്നതായി ഗംഭീര്‍ പറഞ്ഞു. ഐപിഎല്‍ കിരീടം ഇതുവരെ നേടാതിരുന്നിട്ടും ബാംഗ്ലൂര്‍ ആരാധകരുടെ പിന്തുണ നിലനിര്‍ത്തുന്നത് ഇത്തരം സമീപനങ്ങളിലൂടെയാണെന്നും ഒരു ദേശീയ മാധ്യമത്തിലെ തന്‍റെ കോളത്തില്‍ ഗംഭീര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരം ആരാധകര്‍ക്ക് നേരില്‍ കാണാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് 'വിസില്‍ പോട്' എന്ന പേരില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഒരുക്കിയത്. ചെന്നൈയില്‍ നിന്ന് പൂനെയിലേക്ക് കളി കാണാനെത്തിയ ആരാധകര്‍ക്ക് സൗജന്യ യാത്രയോടൊപ്പം സൗജന്യ താമസ സൗകര്യവും, ഭക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.